
ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ചേതേശ്വര്‍ പൂജാരയെ സംബന്ധിച്ച് ചരിത്ര മത്സരമാണ്. പൂജാരയുടെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരമാണിത്. പൂജാരയുടെ കരിയറിലെ നിര്‍ണായകമായ ദില്ലി ടെസ്റ്റ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലാണ് ബിസിസിഐയും ദില്ലി ക്രിക്കറ്റ് അസോസിയേഷനും. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാം വന്‍മതില്‍ എന്ന വിശേഷണമുള്ള താരമാണ് പൂജാര.
100-ാം ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെ ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിക്കും. ഇത് കൂടുതെ ബിസിസിഐയുടെ ആദരവും പൂരാജയ്ക്കുണ്ടാവും എന്നാണ് സൂചന. 100 ടെസ്റ്റുകള്‍ കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റാണ് പൂജാര. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്‌മണ്‍, അനില്‍ കുംബ്ലെ, സുനില്‍ ഗാവസ‌്‌കര്‍, ദിലീപ് വെങ്‌സര്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് എന്നിവരാണ് 100 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ 200 ടെസ്റ്റുകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. രണ്ടാമതുള്ള നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 163 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
'100 ടെസ്റ്റുകള്‍ കളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ദില്ലി ടെസ്റ്റിന്‍റെ തലേന്ന് ചേതേശ്വര്‍ പൂജാര പറഞ്ഞു. അരങ്ങേറ്റത്തില്‍ 72 റണ്‍സ് നേടിയതാണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിംഗ്‌സ്. ഓസീസിനെതിരെ ബെംഗളൂരുവില്‍ നേടിയ 97 റണ്‍സ്, ജൊഹന്നസ്‌ബര്‍ഗിലെ ആദ്യ വിദേശ ശതകം, അഡ്‌ലെയ്‌ഡിലെ 124, ഗാബയിലെ സെഞ്ചുറി എന്നിവയെല്ലാം തന്‍റെ കരിയറിലെ മികച്ച ഇന്നിംഗ്‌സുകളാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യക്കായി നേടുകയാണ് തന്‍റെ സ്വപ്നം' എന്നും പൂജാര കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ദ്രാവിഡ് വിരമിച്ച ശേഷം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വന്‍മതിലായി പേരെടുത്ത താരമാണ് ചേതേശ്വര്‍ പൂജാര. 13 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ 99 കളികളില്‍ 44.15 ശരാശരിയില്‍ 19 സെഞ്ചുറികളും 34 ഫിഫ്റ്റികളും സഹിതം 7021 റണ്‍സ് പൂജാര നേടിയിട്ടുണ്ട്. അഹമ്മദാബാദില്‍ 2012ല്‍ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ നേടിയ 206* ആണ് ഉയര്‍ന്ന സ്കോര്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍ എന്നിവരാണ് ടെസ്റ്റ് സെഞ്ചുറികളില്‍ പൂജാരയ്ക്ക് മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
ദില്ലി ടെസ്റ്റ് ചരിത്രമാകും; നാഴികക്കല്ല് പിന്നിടാന്‍ രണ്ടാം വന്‍മതില്‍ ചേതേശ്വര്‍ പൂജാര