നിലവിലെ ഇന്ത്യന്‍ ടീമിലുള്ള താരങ്ങളില്‍ വിരാട് കോലി മാത്രമാണ് 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ താരം

നാഗ്‌പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാം വന്‍മതിലാണ് ചേതേശ്വര്‍ പൂജാര. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കാനൊരുങ്ങുകയാണ് താരം. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ദില്ലിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റോടെയാവും പൂജാര കരിയറില്‍ 100 ടെസ്റ്റുകള്‍ തികയ്ക്കുക. ടെസ്റ്റ് കരിയറില്‍ ഇതുവരെയുള്ള 99 മത്സരങ്ങളില്‍ 44.15 ശരാശരിയില്‍ 7021 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും പൂജാരയുടെ പേരിലുണ്ട്. 

നിലവിലെ ഇന്ത്യന്‍ ടീമിലുള്ള താരങ്ങളില്‍ വിരാട് കോലി മാത്രമാണ് 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ താരം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്‌മണ്‍, അനില്‍ കുംബ്ലെ, സുനില്‍ ഗാവസ‌്‌കര്‍, ദിലീപ് വെങ്‌സര്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇഷാന്ത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് എന്നിവരാണ് 100 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ 200 ടെസ്റ്റുകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. രണ്ടാമതുള്ള നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 163 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 

പതിനേഴാം തിയതിയാണ് ദില്ലിയില്‍ ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ മത്സരം ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിച്ച ഇന്ത്യ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. നിലവില്‍ ടീം ഇന്ത്യയുടെ പക്കലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി. ഓസീസിനെതിരെ മികച്ച വിജയം നേടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇടംനേടാനാവും രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റേയും ലക്ഷ്യം. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ പൂജാര 14 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായിരുന്നു. ദില്ലിയില്‍ പൂജാര കളിക്കും എന്നുറപ്പായതിനാല്‍ ചരിത്ര ടെസ്റ്റില്‍ താരം ഫോമിലെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

'താരങ്ങള്‍ രഹസ്യ ഇഞ്ചക്ഷന്‍ എടുക്കുന്നു'; വന്‍ വെളിപ്പെടുത്തലുമായി ചേതന്‍ ശര്‍മ്മയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍