ബിഗ് ബാഷിലെ പരിഷ്‌കാരങ്ങള്‍ വെറും 'ചെപ്പടിവിദ്യ'; ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ വാളെടുത്ത് വാട്‌സണ്‍

By Web TeamFirst Published Nov 19, 2020, 12:31 PM IST
Highlights

എന്തെങ്കിലും പോരായ്‌മകൾ ഉള്ളപ്പോഴാണ് പരിഷ്‌കാരങ്ങൾ ആവശ്യമുള്ളൂ. അതിനാല്‍ ഇപ്പോഴത്തെ പരിഷ്‌കാരങ്ങള്‍ അനവസരത്തിലെന്നും മുന്‍താരം. 

സിഡ്‌നി: ബിഗ് ബാഷ് ട്വന്റി 20 ലീഗിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപ്പാക്കാൻ ഒരുങ്ങുന്ന പരിഷ്‌കാരങ്ങളെ വിമർശിച്ച് മുൻതാരം ഷെയ്ൻ വാട്സൺ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരിഷ്‌കാരങ്ങൾ വികലവും ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശം ഇല്ലാതാക്കുന്നതും ആണെന്ന് ഷെയ്ൻ വാട്സൺ വിമർശിച്ചു. 

ട്വന്റി 20 ക്രിക്കറ്റ് ഇപ്പോൾ നന്നായി നടക്കുന്നുണ്ട്. എന്തെങ്കിലും പോരായ്മകൾ ഉള്ളപ്പോഴേ പരിഷ്‌കാരങ്ങൾ ആവശ്യമുള്ളൂ. പുതിയ നിയമങ്ങൾ കളിക്കാർക്കും കാണികൾക്കും ഒരുപോലെ പ്രയാസം ഉണ്ടാക്കുന്നതാണെന്നും ട്വന്റി 20യെ കൂടുതൽ സങ്കീർണമാക്കുമെന്നും വാട്സൺ പറഞ്ഞു. ഡിസംബര്‍ 10ന് ബിഗ് ബാഷിന്‍റെ പത്താം എഡിഷന്‍ തുടങ്ങാനിരിക്കേയാണ് പരസ്യ വിമര്‍ശനവുമായി വാട്‌സണ്‍ രംഗത്തെത്തിയിരിക്കുന്നത്. 

വരാനിരിക്കുന്നത് മൂന്ന് പരിഷ്‌കാരങ്ങള്‍

പുതിയ സീസണിൽ പവര്‍ സര്‍ജ്, എക്‌സ് ഫാക്ടര്‍ പ്ലേയര്‍, ബാഷ് ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പരിഷ്‌കാരങ്ങളാണ് നടപ്പാക്കുക. തുടക്കത്തിലെ ആറോവര്‍ ഉണ്ടായിരുന്ന പവര്‍പ്ലേ നാലോവറാക്കി ചുരുക്കി. ബാറ്റിംഗ് ടീമിന് പതിനൊന്നാം ഓവറിന് ശേഷം എപ്പോള്‍ വേണമെങ്കിലും പവര്‍ സര്‍ജ് ഉപയോഗിക്കാം. പവര്‍ സര്‍ജില്‍ രണ്ട് ഓവറിൽ രണ്ട് താരങ്ങള്‍ക്ക് മാത്രമേ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് പാടുള്ളു. 

ഇതേസമയം എക്സ് ഫാക്ടര്‍ പ്ലേയറായി നിയോഗിക്കുന്ന താരത്തെ ആദ്യ ഇന്നിംഗ്സിന്റെ പത്താം ഓവറിന് ശേഷം മത്സരത്തിൽ അതുവരെ ബാറ്റ് ചെയ്യാത്ത താരത്തെയോ ഒരോവറില്‍ അധികം ബൗള്‍ ചെയ്യാത്ത ബൗളറേയോ മാറ്റി മത്സരത്തില്‍ ഇറക്കാനാകും. ബാഷ് ബൂസ്റ്റ് രണ്ടാം ഇന്നിംഗ്സിന്റെ പാതി ഘട്ടത്തില്‍ നല്‍കുന്ന അധിക പോയിന്റാണ്. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം അധികം റണ്‍സ് നേടിയിട്ടുണ്ടെങ്കിൽ ബാറ്റിംഗ് ടീമിന് അധിക പോയിന്റ് ലഭിക്കും. അല്ലാത്തപക്ഷം ഫീല്‍ഡിംഗ് ടീമിനാണ് ബോണസ് പോയിന്റ് കിട്ടുക. 

ടി20 ക്രിക്കറ്റില്‍ പുതിയ പരിഷ്കാരവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

click me!