മെല്‍ബണ്‍: ടി 20 ക്രിക്കറ്റിൽ പുതിയ പരിഷ്കാരവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ടി20 ലീഗായ ബിഗ് ബാഷിലാണ് പുതുതായി മൂന്ന് പരിഷ്കാരങ്ങൾ വരുത്തിയിരിക്കുന്നത്. പുതിയ സീസണിൽ പവര്‍ സര്‍ജ്, എക്സ് ഫാക്ടര്‍ പ്ലേയര്‍, ബാഷ് ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പരിഷ്കാരങ്ങളോടെയാണ് മത്സരങ്ങള്‍ നടക്കുക.

തുടക്കത്തിലെ ആറോവര്‍ നിര്‍ബന്ധിത പവര്‍പ്ലേ നാലോവറാക്കി ചുരുക്കിയതാണ് ഒന്നാമത്തെ പരിഷ്കാരം. പവര്‍പ്ലേയില്‍ ശേഷിക്കുന്ന രണ്ടോവര്‍ ബാറ്റിംഗ് ടീമിന് പതിനൊന്നാം ഓവറിന് ശേഷം എപ്പോള്‍ വേണമെങ്കിലും പവര്‍ സര്‍ജ് ആയി ഉപയോഗിക്കാം. രണ്ടോവര്‍ പവര്‍ സര്‍ജില്‍ രണ്ട് പീല്‍ഡര്‍മാര്‍ മാത്രമെ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് പാടുള്ളു.

എക്സ് ഫാക്ടര്‍ പ്ലേയറായി നിശ്ചയിക്കുന്ന കളിക്കാരനെ ഇന്നിംഗ്സിലെ പത്താം ഓവറിനുശേഷം ബാറ്റിംഗ് ടീമിന് അതുവരെ ബാറ്റ് ചെയ്യാത്ത എതെങ്കിലും ബാറ്റ്സ്മാന് പകരമോ ബൗളിംഗ് ടീമിന് ഒരോവറില്‍ കൂടുതല്‍ ബൗള്‍ ചെയ്യാത്ത ബൗളര്‍ക്ക് പകരമോ ആയി ഇറക്കാനാവുന്നതാണ് രണ്ടാമത്തെ പരിഷ്കാരം. നിലവിലെ നിയമപ്രകാരം സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ മാത്രമെ കഴിയു. എന്നാല്‍ എക്സ് ഫാക്ടര്‍ കളിക്കാരന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമാവും.

ബാഷ് ബൂസ്റ്റ് രണ്ടാം ഇന്നിംഗ്സിന്‍റെ പാതിഘട്ടത്തില്‍ നല്‍കുന്ന അധിക പോയിന്‍റാണ്. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം അധികം റണ്‍സ് നേടിയിട്ടുണ്ടെങ്കിൽ ബാറ്റിംഗ് ടീമിന് അധിക പോയിന്‍റ് ലഭിക്കും. അല്ലാത്ത പക്ഷം ഫീല്‍ഡിംഗ് ടീമിനാണ് ബോണസ് പോയിന്‍റ്.