
അഹമ്മദാബാദ്: ഐപിഎല്‍ 2025 ഫൈനലിന് മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാംപില്‍ നിന്ന് ആശങ്കയുടെ വാര്‍ത്ത. സീസണില്‍ ആര്‍സിബിയുടെ സ്റ്റാര്‍ ഓപ്പണറായ ഫിലിപ് സാള്‍ട്ട് പഞ്ചാബ് കിംഗ്സിനെതിരായ ഇന്നത്തെ ഫൈനലില്‍ കളിക്കുമോ എന്ന കാര്യം സംശയമാണ്. സാള്‍ട്ട് ഇന്നലെ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. ഒരു കുഞ്ഞിനെ വരവേല്‍ക്കാനായി കാത്തിരിക്കുന്നതിനാല്‍ ഫിലിപ് സാള്‍ട്ട് നാട്ടിലേക്ക് മടങ്ങിയതായാണ് സൂചന. ഐപിഎല്‍ ഫൈനലില്‍ സാള്‍ട്ട് കളിക്കുമോ ഇല്ലയോ എന്ന കാര്യം ആര്‍സിബി ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറും കോച്ച് ആന്‍ഡി ഫ്ലവറും മൗനം പാലിക്കുകയാണ്.
ഫില്‍ സാള്‍ട്ട് മികച്ച ഫോമിലുള്ള താരം
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കിയ ഓപ്പണിംഗ് ബാറ്ററാണ് ഫില്‍ സാള്‍ട്ട്. 12 മത്സരങ്ങളില്‍ സാള്‍ട്ട് 175.90 സ്ട്രൈക്ക് റേറ്റിലും 35.18 പ്രഹരശേഷിയിലും 387 റണ്‍സ് നേടി. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെതിരെ തന്നെ സാള്‍ട്ട് 27 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താവാതെ 56* റണ്‍സെടുത്തിരുന്നു. ഫിലിപ് സാള്‍ട്ടിന് പഞ്ചാബിനെതിരെ കളിക്കാനാവാതെ വന്നാല്‍ പകക്കാരനെ കണ്ടെത്താന്‍ ബെംഗളൂരുവിന് തല പുകയ്ക്കേണ്ടിവരും. ടിം സീഫേര്‍ട്ട്, മായങ്ക് അഗര്‍വാള്‍ എന്നിവരില്‍ ഒരാളാകും അങ്ങനെയെങ്കില്‍ വിരാട് കോലിക്കൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിംഗ്‌സ് ഫൈനലില്‍ പഞ്ചാബിനെതിരെ ഓപ്പണ്‍ ചെയ്യുക.
കലാശപ്പോര് വൈകിട്ട് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- പഞ്ചാബ് കിംഗ്സ് കിരീടപ്പോരാട്ടം ആരംഭിക്കുക. ടീമിന്‍റെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു കൂട്ടരും മൈതാനത്തെത്തുന്നത്. ബെംഗളൂരുവിന് രജത് പാടിദാറും പഞ്ചാബിന് ശ്രേയസ് അയ്യരുമാണ് ക്യാപ്റ്റന്‍മാര്‍. ഐപിഎല്ലിൽ കപ്പ് സ്വന്തമാക്കുന്ന എട്ടാമത്തെടീമാവാൻ പാടിദാറിന്‍റെയും ശ്രേയസിന്‍റെയും പോരാളികൾ ഒരുങ്ങിക്കഴിഞ്ഞു. സീസണിൽ ആർസിബിയും പഞ്ചാബും നേർക്കുനേർ വരുന്നത് ഇത് നാലാം തവണ. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് ജയിച്ചപ്പോള്‍ രണ്ടാം കളിയിലും ആദ്യ ക്വാളിഫയറിലും ജയം ആർസിബിക്കൊപ്പം നിന്നു. അഹമ്മദാബാദില്‍ ഫൈനലിന് മഴ ഭീഷണിയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം