
കൊളംബോ:ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയുടെ തീരുമാനത്തിന് തിരിച്ചടിയാണ് അഫ്ഗാനിസ്ഥാന്‍റെയും ശ്രീലങ്കയുടെ നിലപാട്. ഈ മാസം 24-25 തീയതികളിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അധ്യക്ഷതയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ധാക്കയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യോഗവേദി മാറ്റണമെന്ന് ഇന്ത്യ തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും യോഗത്തിന് അധ്യക്ഷം വഹിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അതിന് തയാറായില്ല. ധാക്കയില്‍ യോഗം നടത്തിയാല്‍ ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം. അതുപോലെ അസോസിയേറ്റ് രാജ്യങ്ങളിലെ 10 അംഗങ്ങളും യോഗത്തിനുണ്ടാവണം. ഇന്ത്യക്ക് പിന്തുണ അറിയിച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും യോഗത്തില്‍ നിന്നു വിട്ടുനിന്നാല്‍ മൂന്ന് ടെസ്റ്റ് രാജ്യങ്ങളെന്ന ക്വാറം തികയ്ക്കാനാവില്ല.
അസോസിയേറ്റ് രാജ്യങ്ങളില്‍ എത്ര രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടില്ല.ഈ സാഹചര്യത്തില്‍ യോഗം നടക്കുമോ എന്ന കാര്യം സംശയമാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില് ഇന്ത്യൻ ടീമിന്‍റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെക്കാന്‍ ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പാസാക്കുന്ന ഒരു പ്രമേയവും അംഗീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കേണ്ട ഏഷ്യാ കപ്പ് സംബന്ധിച്ച നിര്‍ണായക തീരുമാനമെടുക്കാനാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ചേരുന്നത്. ഇന്ത്യയുടെ അസാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ ഇന്ത്യ ബഹിഷ്കരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി മത്സരിക്കാനില്ലെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചാല്‍ ഏഷ്യാ കപ്പ് നടക്കാൻ സാധ്യത കുറവാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക