ഓസീസ് 'പാണ്ഡ്യ' നാഗ്‌പൂര്‍ ടെസ്റ്റില്‍ കളിക്കുമോ എന്നുറപ്പില്ല; തലപുകച്ച് പാറ്റ് കമ്മിന്‍സ്

By Web TeamFirst Published Jan 29, 2023, 3:22 PM IST
Highlights

വിരലിലെ ശസ്‌ത്രക്രിയക്ക് വിധേയനായ കാമറൂണ്‍ ഗ്രീന്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും ബൗളിംഗ് ഇപ്പോഴും ആശങ്കയിലാണ്

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് കാമറൂണ്‍ ഗ്രീനിന്‍റെ കാര്യത്തില്‍ ആശങ്കയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുന്നതിനിടെ വിരലിന് പരിക്കേറ്റ താരത്തിന്‍റെ പുതിയ മെഡിക്കല്‍ ഫലത്തിനായി കാത്തിരിക്കുകയാണ് ടീം. നാഗ്‌പൂരില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഗ്രീന്‍ കളിക്കുന്ന കാര്യം ഇതിന് ശേഷം മാത്രമേ ഉറപ്പാവുകയുള്ളൂ. നിലവില്‍ ഓസീസ് ടെസ്റ്റ് ടീമിനെ സന്തുലിതമാക്കുന്ന താരമാണ് ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീന്‍. 

വിരലിലെ ശസ്‌ത്രക്രിയക്ക് വിധേയനായ കാമറൂണ്‍ ഗ്രീന്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും ബൗളിംഗ് ഇപ്പോഴും ആശങ്കയിലാണ്. തിങ്കളാഴ്‌ച വരാനിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്. പൂര്‍ണമായും പരിക്കില്‍ നിന്ന് ഭേദമായില്ലെങ്കില്‍ ഇന്ത്യയിലേക്കുള്ള ഗ്രീനിന്‍റെ യാത്ര വൈകും. കഴിഞ്ഞ ദിവസമായി സിഡ്‌നിയില്‍ പുരോഗമിക്കുന്ന ഓസീസ് ടെസ്റ്റ് ക്യാംപില്‍ ഗ്രീനുമുണ്ട്. ഗ്രീനിന് നാഗ്‌പൂര്‍ ടെസ്റ്റില്‍ കളിക്കാനാവാതെ വന്നാല്‍ പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ടീമിലുള്‍പ്പെടുത്താനാണ് സാധ്യത. കാരണം ബൗളിംഗിനേക്കാള്‍ ഗ്രീനിന്‍റെ ബാറ്റിംഗിനേയാണ് ടീം ഉറ്റുനോക്കുന്നത്. 'ടോപ് സിക്‌സില്‍ വരുന്ന ബാറ്ററാണ് ഗ്രീന്‍ എന്നും ബൗളിംഗ് മികച്ച ബോണസായി മാത്രമേ കാണുന്നുള്ളൂവെന്നും' മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി. കാമറൂണ്‍ ഗ്രീനിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്ന ശേഷമാകും ടീം ഘടന സംബന്ധിച്ച് ഓസീസ് മാനേജ്‌മെന്‍റ് തീരുമാനം കൈക്കൊള്ളുകയുള്ളൂ. ഓസീസിനായി 18 ടെസ്റ്റില്‍ 806 റണ്‍സും 23 വിക്കറ്റും 23കാരനായ ഗ്രീനിനുണ്ട്.  

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ലഖ്‌നൗവില്‍ റണ്ണൊഴുകും! ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 കാണാനുള്ള വഴികളിങ്ങനെ

click me!