26 ഓവർ അവസാനിക്കുമ്പോൾ പാകിസ്ഥാൻ 120/2 എന്ന നിലയിലായിരുന്നു. ഗ്രൂപ്പ് സി പോയിന്‍റ് പട്ടികയിൽ സ്കോട്ട്‌ലൻഡിനെ മറികടന്ന് സിംബാബ്‌വെ മുന്നിലെത്തുന്നു എന്ന് ഉറപ്പാക്കിയ ശേഷമാണ് പാകിസ്ഥാൻ കളി ജയിച്ചത്.

ഹരാരെ: അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ പാകിസ്ഥാൻ നേടിയ ജയത്തി വിവാദം. സിംബാബ്‌വെക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജയം ഉറപ്പായശേഷം സ്കോട്‌ലന്‍ഡിനെ സൂപ്പര്‍ സിക്സില്‍ നിന്ന് പുറത്താക്കാനായി പാകിസ്ഥാന്‍ ബോധപൂര്‍വം ബാറ്റിംഗില്‍ ഇഴഞ്ഞുവെന്നാണ് ആരോപണം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ വെറും 128 റൺസിന് പാകിസ്ഥാൻ പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ ഓപ്പണർമാരായ സമീർ മിൻഹാസും അഹമ്മദ് ഹുസൈനും ചേർന്ന് 12 ഓവറിൽ 74 റൺസെടുത്ത് മികച്ച തുടക്കം നൽകി. ജയത്തിലേക്ക് അനായാസം എത്താമായിരുന്നിട്ടും പിന്നീട് പാകിസ്ഥാൻ ബാറ്റിംഗിന്‍റെ വേഗത നാടകീയമായി കുറച്ചു.

26 ഓവർ അവസാനിക്കുമ്പോൾ പാകിസ്ഥാൻ 120/2 എന്ന നിലയിലായിരുന്നു. ഗ്രൂപ്പ് സി പോയിന്‍റ് പട്ടികയിൽ സ്കോട്ട്‌ലൻഡിനെ മറികടന്ന് സിംബാബ്‌വെ മുന്നിലെത്തുന്നു എന്ന് ഉറപ്പാക്കിയ ശേഷമാണ് പാകിസ്ഥാൻ കളി ജയിച്ചത്. 27-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സർ പറത്തി സമീർ മിൻഹാസ് ടീമിനെ വിജയത്തിലെത്തിച്ചു. സൂപ്പർ സിക്‌സ് ഘട്ടത്തിലെ തങ്ങളുടെ സാധ്യതകൾ വർധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പാകിസ്ഥാന്‍റേത്.

ടൂർണമെന്‍റ് നിയമപ്രകാരം, സൂപ്പർ സിക്‌സിലേക്ക് യോഗ്യത നേടുന്ന ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ഫലങ്ങൾ കണക്കിലെടുക്കില്ല. എന്നാല്‍ സൂപ്പര്‍ സിക്സിലെത്തുന്ന മറ്റ് ടീമുകൾക്കെതിരായ മത്സരഫലവും നെറ്റ് റൺറേറ്റും സൂപ്പർ സിക്‌സിൽ പരിഗണിക്കും. സ്കോട്ട്‌ലൻഡിന് പകരം സിംബാബ്‌വെ ആണ് സൂപ്പര്‍ സിക്സിലെത്തുന്നതങ്കില്‍, സിംബാബ്‌വെക്കെതിരായമികച്ച റൺറേറ്റില്‍ നേടിയ ജയം അടുത്ത ഘട്ടത്തിൽ അവർക്ക് ഗുണകരമാകും. സ്കോട്ട്‌ലൻഡിനെക്കാൾ ആധികാരികമായി സിംബാബ്‌വെയെ തോൽപ്പിച്ചതിനാൽ, സിംബാബ്‌വെ അടുത്ത ഘട്ടത്തിലേക്ക് വരുന്നത് പാകിസ്ഥാന്റെ സെമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യും. സ്കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിനായിരുന്നു ജയിച്ചിരുന്നത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 48.1 ഓവറില്‍ 187റൺസിന് ഓള്‍ ഔട്ടായപ്പോള്‍ പാകിസ്ഥാന്‍ 43.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.

പാകിസ്ഥാന്‍റെ മെല്ലെപ്പോക്കിനെ ബുദ്ധിപരമായ നീക്കം എന്നാണ് മുൻ സിംബാബ്‌വെ നായകൻ ആൻഡി ഫ്ലവർ വിശേഷിപ്പിച്ചത്. ജയം ഉറപ്പാക്കിയ ശേഷം സിംബാബ്‌വെ യോഗ്യത നേടുന്നു എന്ന് ഉറപ്പിക്കാൻ അവർ ബാറ്റിംഗിലെ വേഗത കുറച്ചു. ഇതിലെ ധാർമ്മികതയെ ചിലർ ചോദ്യം ചെയ്തേക്കാം, എന്നാൽ എനിക്കതിൽ തെറ്റൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പോയന്‍റ് പട്ടികയിൽ കൃത്രിമം കാണിക്കാൻ കളിയുടെ വേഗത കുറയ്ക്കുന്നത് കളിയുടെ മാന്യതക്ക് നക്കുന്നതല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക