ആര്‍ക്കെതിരെ പന്തെറിയാനാണ് എളുപ്പം, കോലിയോ രോഹിത്തോ?; മറുപടി നല്‍കി മുഹമ്മദ് ആമിര്‍

By Web TeamFirst Published May 21, 2021, 2:18 PM IST
Highlights

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ശിഖര്‍ ധവാന്‍റെയും രോഹിത്തിന്‍റെയും കോലിയുടെയും വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത് ആമിറായിരുന്നു.

കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ ഏത് ബൗളറുടെയും ഉറക്കം കെടുത്തുന്ന ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. സ്ഥിരതയാണ് കോലിയുടെ മുഖമുദ്രയെങ്കില്‍ നിലയുറപ്പിച്ചാല്‍ വമ്പന്‍ സ്കോര്‍ നേടിയ ശേഷമെ രോഹിത് മടങ്ങു. ഇതൊക്കെയാണെങ്കിലും കോലിയേക്കാള്‍ രോഹിത്തിനെതിരെ പന്തെറിയാനാണ് കൂടുതല്‍ എളുപ്പമെന്ന് വ്യക്തമാക്കുകയാണ് പാക് പേസറായ മുഹമ്മദ് ആമിര്‍.

ആര്‍ക്കെതിരെയും പന്തെറിയുന്നത് എനിക്ക് വലിയ വെല്ലുവിളിയായി തോന്നിയിട്ടില്ല. പക്ഷെ കോലിയെയും രോഹിത്തിനെയും താരതമ്യം ചെയ്താല്‍ രോഹിത്തിനെതിരെ പന്തെറിയുന്നതാണ് കൂടുതല്‍ എളുപ്പം. കാരണം, ഇടംകൈയന്‍ ബൗളര്‍മാര്‍ക്കെതിരെ രോഹിത്തിനുള്ള ബലഹീനത തന്നെയാണ്. ഇടംകൈയന്‍ പേസര്‍മാര്‍ പന്ത് അകത്തേക്ക് സ്വിംഗ് ചെയ്യിച്ചാല്‍ രോഹിത് ബുദ്ധിമുട്ടും.

ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകളിലും രോഹിത്തിന് ഇതേ പ്രശ്നമുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കോലിക്കെതിരെ പന്തെറിയുക കുറച്ചു കടുപ്പമാണ്. കാരണം സമ്മര്‍ദ്ദഘട്ടത്തിലാണ് കോലി തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക. അതല്ലാതെ ആര്‍ക്കെതിരെയും പന്തെറിയുന്നത് തനിക്ക് വലിയ വെല്ലുവിളിയല്ലെന്നും ആമിര്‍ പറഞ്ഞു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ശിഖര്‍ ധവാന്‍റെയും രോഹിത്തിന്‍റെയും കോലിയുടെയും വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത് ആമിറായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 28കാരനായ ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎല്ലില്‍ കളിക്കാന്‍ ശ്രമിക്കുമെന്നും ആമിര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!