
ഹൈദരാബാദ്: ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ പരിശീലകനും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ ബ്രയാന്‍ ലാറയുമായി വഴിപിരിഞ്ഞു. ന്യൂസിലന്‍ഡ് മുന്‍താരം ഡാനിയേല്‍ വെട്ടേറിയാണ് പുതിയ കോച്ച്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 2014 മുതല്‍ 2018 വരെ പരിശീലിപ്പിച്ച വെട്ടോറി നിലവില്‍ ഓസീസ് പുരുഷ ക്രിക്കറ്റ് ടീമിന്‍റെ സഹപരിശീലകനാണ്.
2016ന് ശേഷം കിരീടം നേടാനാവാത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന ആറ് സീസണുകളിലായി നാല് പേരെയാണ് മുഖ്യ പരിശീലകന്‍റെ റോളിലെത്തിച്ചത്. ടോം മൂഡി 2019, 2022 കാലത്തും ട്രെവര്‍ ബെയ്‌ലിസ് 2020, 2021 സമയത്തും ബ്രയാന്‍ ലാറ 2023 സീസണിലും ടീമിനെ പരിശീലിപ്പിച്ചു. 2023 സീസണ്‍ തുടങ്ങുമ്പോഴാണ് മൂഡിയില്‍ നിന്ന് ലാറ പരിശീലകന്‍റെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ ഐപിഎല്‍ 2023ല്‍ പത്ത് ടീമുകളില്‍ അവസാന സ്ഥാനക്കാരായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫിനിഷ് ചെയ്‌തത്. 10 കളികള്‍ തോറ്റപ്പോള്‍ നാല് ജയങ്ങള്‍ മാത്രമേ നേടാനായുള്ളൂ. ദ് ഹണ്ട്രഡ് ലീഗില്‍ ബിര്‍മിംഗ്ഹാം ഫിനീക്‌സ് ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു ഡാനിയേല്‍ വെട്ടോറി. 2022 മെയ് മുതല്‍ ഓസീസ് ടീമിന്‍റെ സഹ കോച്ചുമാണ്.
ഐപിഎല്ലില്‍ പരിശീലകനായി കിരീടമില്ലെങ്കിലും ആര്‍സിബിക്കൊപ്പം മികച്ച റെക്കോര്‍ഡ് ഡാനിയേല്‍ വെട്ടോറിക്കുണ്ട്. 2015ല്‍ പ്ലേ ഓഫില്‍ എത്തിച്ചപ്പോള്‍ 2016ല്‍ ഫൈനല്‍ കളിപ്പിച്ചു. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടായിരുന്നു തോല്‍വി. ഐപിഎല്ലില്‍ 2021 മുതല്‍ മോശം പ്രകടനമാണ് സണ്‍റൈസേഴ്‌സ് കാഴ്‌ചവെക്കുന്നത്. 29 കളികളില്‍ 13 ജയം മാത്രമേ ടീമിനുള്ളൂ. ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡാനിയേല്‍ വെട്ടോറി 113 ടെസ്റ്റില്‍ 4531 റണ്‍സും 362 വിക്കറ്റും 295 ഏകദിനങ്ങളില്‍ 2253 റണ്‍സും 305 വിക്കറ്റും 34 ടി20യില്‍ 205 റണ്‍സും 38 വിക്കറ്റും നേടിയിട്ടുണ്ട്.
Read more: കുട്ടിയെ താലോലിച്ച് തിലക് വര്‍മ്മയുടെ കന്നി ഫിഫ്റ്റി ആഘോഷം; എന്താണാ രഹസ്യം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!