സാഹചര്യങ്ങള്‍ അനുകൂലം; കപിലിനെ മറികടന്ന് റെക്കോഡ് സ്വന്തമാക്കാന്‍ ബുമ്ര

By Web TeamFirst Published Jun 16, 2021, 8:51 PM IST
Highlights

19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ 27-ാകരന്റെ അക്കൗണ്ടില്‍ 83 വിക്കറ്റാണുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെ റെക്കോഡ് മറികടക്കാനുള്ള അവസരമാണ് ബുമ്രയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്.

സതാംപ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളിംഗ് വിപ്ലവത്തിന്റെ കാരണക്കാരില്‍ ഒരാള്‍ ജസ്പ്രിത് ബുമ്രയാണെന്നതില്‍ സംശയമൊന്നുമില്ല. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ എതിര്‍ ടീമുകള്‍ക്ക് ഭീഷണിയായിരുന്നുവെങ്കിലും ബുമ്രയുടെ വരവോടെ പേസ് വകുപ്പ് കരുത്താര്‍ജിച്ചു. ഇപ്പോള്‍ എതിരാളികള്‍ പോലും ഭയക്കുന്ന പേസ് യൂനിറ്റാണ് ഇന്ത്യയുടേത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കെ ബുമ്ര തന്നെയായിരിക്കും ഇന്ത്യയുടെ തുരുപ്പുചീട്ടെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ഇംഗ്ലണ്ട് പര്യടനം മുന്നിലിരിക്കെ ബുമ്രയ്ക്ക് ഒരു ഇന്ത്യന്‍ റെക്കോഡ് കാത്തിരിക്കുണ്ട്. വേഗത്തില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസറെന്ന റെക്കോഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ 27-ാകരന്റെ അക്കൗണ്ടില്‍ 83 വിക്കറ്റാണുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെ റെക്കോഡ് മറികടക്കാനുള്ള അവസരമാണ് ബുമ്രയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്.

25-ാം ടെസ്റ്റിലാണ് കപില്‍ 100 വിക്കറ്റ് വീഴ്ത്തിയത്. ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് ഷമി എന്നീ പേസര്‍മാരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പത്താന്‍ 28 ടെസ്റ്റിലും ഷമി 29 ടെസ്റ്റിലുമാണ് 100 വിക്കറ്റ് നേട്ടം കൊയ്തത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ബുമ്രയ്ക്ക് നേട്ടം സ്വന്തമാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരില്ല. 

അതേസമയം ആര്‍ അശ്വിനാണ് ഇന്ത്യക്കായി വേഗത്തില്‍ 100 വിക്കറ്റ് സ്വന്തമാക്കിയ ബൗളര്‍. 19 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ നേട്ടം കൊയ്തത്. എറാപ്പള്ളി പ്രസന്ന (20 ടെസ്റ്റ്),അനില്‍ കുംബ്ലെ (21), സുഭാഷ് ഗുപ്‌തെ (22), വിനു മങ്കാദ് (23), രവീന്ദ്ര ജഡേജ (24) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

click me!