അടിതെറ്റി വീണ്ടും ആലപ്പി, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് തുടർച്ചയായ രണ്ടാം ജയം

Published : Aug 27, 2025, 07:05 AM IST
Calicut Globe Stars Win

Synopsis

കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ആലപ്പി റിപ്പിൾസിനെ 44 റൺസിന് തകർത്തു. മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ കാലിക്കറ്റ് 172 റൺസ് നേടിയപ്പോൾ, ആലപ്പിക്ക് 128 റൺസിൽ ഒതുങ്ങേണ്ടി വന്നു. മോനു കൃഷ്ണയാണ് പ്ലെയർ ഓഫ് ദി മാച്ച്.

തിരുവനന്തപുരം: കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് തുടർച്ചയായ രണ്ടാം വിജയം.ആലപ്പി റിപ്പിൾസിനെ 44 റൺസിനാണ് കാലിക്കറ്റ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു.എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പിയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനെ കഴിഞ്ഞുള്ള. കാലിക്കറ്റിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മോനു കൃഷ്ണയാണ് പ്ലെയർ ഓഫ് ദി മാച്ച്. കഴിഞ്ഞ മൽസരത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരെ കാഴ്ചവച്ച പോരാട്ടവീര്യം ആലപ്പി റിപ്പിൾസിന് ആവർത്തിക്കാനായില്ല. ബാറ്റിങ് നിര നിരാശപ്പെടുത്തിയ മൽസരത്തിൽ കാര്യമായ ചെറുത്തുനിൽപ് പോലുമില്ലാതെയാണ് റിപ്പിൾസ് കീഴടങ്ങിയത്.

നാല് റൺസെടുത്ത ഓപ്പണർ കെ എ അരുൺ ആദ്യ ഓവറിൽ തന്നെ മടങ്ങി. സ്ഫോടനാത്മകമായൊരു തുടക്കത്തിനൊടുവിൽ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും പുറത്തായി. അതോടെ സമ്മർദ്ദത്തിലായ ബാറ്റിങ് നിരയ്ക്ക് മികച്ച റൺറേറ്റ് നിലനിർത്താനായില്ല. 13 പന്തുകളിൽ 21 റൺസെടുത്ത അസറുദ്ദീനെ മോനു കൃഷ്ണയാണ് പുറത്താക്കിയത്. അഞ്ച് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അക്കൗണ്ട് തുറക്കാനാകാതെ അഭിഷേക് പി നായരും മടങ്ങി. അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും ചേർന്ന 41 റൺസിൻ്റെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. പക്ഷെ തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല.

കഴിഞ്ഞ മൽസരത്തിലെ ഹീറോയായ മൊഹമ്മദ് കൈഫിനെ എസ് മിഥുൻ ക്ലീൻ ബൌൾഡാക്കി.ഒടുവിൽ അവസാന പ്രതീക്ഷയായിരുന്ന ജലജ് സക്സേനയും പുറത്തായതോടെ മൽരത്തിൻ്റെ വിധി നിർണ്ണയിക്കപ്പെട്ടു. 33 പന്തുകളിൽ 43 റൺസെടുത്ത ജലജ് സക്സേനയാണ് ടീമിൻ്റെ ടോപ് സ്കോറർ.അക്ഷയ് ചന്ദ്രൻ 19ഉം മൊഹമ്മദ് കൈഫ് മൂന്നും റൺസുമെടുത്ത് പുറത്തായി. ശ്രീരൂപും അക്ഷയ് ടി കെയും 11 റൺസ് വീതം നേടി. നാലോവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോനു കൃഷ്ണയാണ് കാലിക്കറ്റ് ബൗളിങ് നിരയിൽ തിളങ്ങിയത്. എസ് മിഥുൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് ക്യാപ്റ്റൻ രോഹൻ പ്രേം നൽകിയ മികച്ച തുടക്കവും, അവസാന ഓവറുകളിൽ മനുകൃഷ്ണൻ്റെയും, കൃഷ്ണദേവൻ്റെയും കൂറ്റനടികളുമാണ് മികച്ച സ്കോർ സമ്മാനിച്ചത്. പതിവു പോലെ അതിവേഗത്തിൽ തുടങ്ങിയ രോഹൻ കുന്നുമ്മൽ 16 പന്തുകളിൽ 31 റൺസെടുത്തു. തുടർന്നെത്തിയ എം അജിനാസ് ആറ് റൺസുമായി മടങ്ങി. എന്നാൽ അഖിൽ സ്കറിയയും അൻഫലും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 58 റൺസ് പിറന്നു. 30 പന്തുകളിൽ 45 റൺസെടുത്ത അഖിൽ സ്കറിയ തുടർച്ചയായ രണ്ടാം മൽസരത്തിലും തിളങ്ങി. അഖിൽ 15ആം ഓവറിലും അൻഫൽ 16ആം ഓവറിലും മടങ്ങുമ്പോൾ 122 റൺസ് മാത്രമായിരുന്നു സ്കോർ ബോർഡിലുണ്ടായിരുന്നത്.

ആറാം വിക്കറ്റിൽ ഒത്തു ചേർന്ന മനുകൃഷ്ണനും കൃഷ്ണദേവനും ചേർന്നാണ് സ്കോർ 170ൽ എത്തിച്ചത്. മനു കൃഷണൻ വെറും 12 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 26 റൺസ് നേടി. കൃഷ്ണദേവൻ 10 പന്തുകളിൽ നാല് ഫോറടക്കം 20 റൺസെടുത്തു. ഇരുവരും ചേർന്ന് അതിവേഗത്തിൽ കൂട്ടിച്ചേർത്ത 31 റൺസാണ് മല്സരത്തിൽ നിർണ്ണായകമായത്. നാല് ഓവറുകളിൽ 19 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടിയ രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേയനയുമാണ് ആലപ്പി ബൌളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ കാലിക്കറ്റിന് നാല് പോയിൻ്റായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്