
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ടൈറ്റന്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. 46 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആണ് കൊച്ചിയുടെ ടോപ് സ്കോറർ. അജിനാസിനെ സിക്സ് അടിച്ച് 89 റണ്‍സിലെത്തിയ സഞ്ജു അടുത്ത സിക്സിനായുള്ള ശ്രമത്തിലാണ് ബൗണ്ടറിയില്‍ ആനന്ദ് കൃഷ്ണന്‍റെ ക്യാച്ചില്‍ പുറത്തായത്.
പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു പുറത്തായതിന് പിന്നാലെ അടുത്ത പന്തുകളില്‍ ജെറിന്‍ പി എസിനെയും മുഹമ്മദ് ആഷിഖിനെയും പുറത്താക്കി. തൃശൂര്‍ ടൈറ്റന്‍സിന്‍റെ ഇടം കൈയന്‍ സ്പിന്നര്‍ അജിനാസ് കെസിഎല്‍ രണ്ടാം സീസണിലെ ആദ്യ ഹാട്രിക്ക് തികച്ചു. സഞ്ജുവിന് പുറമെ ആല്‍ഫി ഫ്രാന്‍സിസ്(13 പന്തില്‍ 22*), മുഹമ്മദ് ഷാനു(24), നിഖില്‍ തോട്ടത്ത്(18) സാലി സാംസൺ(16) എന്നിവരാണ് കൊച്ചിയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.
നേരത്തെ ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ കൊച്ചിക്കായി ആദ്യ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കൊച്ചിക്ക് വിനൂപ് മനോഹരന്‍റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്‍റെ പന്തില്‍ അക്ഷയ് മനോഹറാണ് വിനൂപിനെ കൈയിലൊതുക്കിയത്. പിന്നാലെ സ്വന്തം ബൗളിംഗില്‍ ഷാനു നല്‍കിയ അവസരം നിധീഷ് കൈവിട്ടു. എന്നാല്‍ ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 18 റണ്‍സടിച്ച സഞ്ജു പവര്‍ പ്ലേ പവറാക്കി.
സിജോമോൻ ജോസഫിന്‍റെ അടുത്ത ഓവറിലും രണ്ട് സിക്സുകള്‍ നേടിയ സഞ്ജുവിന് പക്ഷെ സിബിന്‍ ഗിരീഷ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ കാര്യമായി റണ്ണെടുക്കാനായില്ല. ഓവറിലെ അവസാന നാലു പന്ത് നേരിട്ട സഞ്ജുവിന് ഒരു റണ്‍ പോലും നേടാനായില്ല. ഇതോടെ കൊച്ചിയുടെ പവര്‍ പ്ലേ സ്കോര്‍ 52 റണ്‍സിലൊതുങ്ങി. മുഹമ്മദ് ഇഷാഖ് എറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ട് സിക്സുകൾ പറത്തിയ സഞ്ജു 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 29 പന്ത് നേരിട്ട മുഹമ്മദ് ഷാനു 24 റണ്‍സെടുത്ത് പുറത്തായെങ്കിലും 11.5 ഓവറിൽ കൊച്ചി 100 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് ശേഷം സഞ്ജുവിന് അധികം സ്ട്രൈക്ക് കിട്ടാതിരുന്നത് കൊച്ചിക്ക് തിരിച്ചടിയായി. പതിനാലാം ഓവറില്‍ 11 പന്തില്‍ 18 റണ്‍സെടുത്ത നിഖില്‍ തോട്ടത്തും വീണു.
എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സാലി സാംസണ്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. നേരിട്ട രണ്ടും മൂന്നും പന്തുകള്‍ സാലി വിശ്വനാഥ് ബൗണ്ടറി പറത്തിയപ്പോള്‍ സഞ്ജുവും ടോപ് ഗിയറിലായി. തുടര്‍ച്ചയായി രണ്ട് ബൗണ്ടറിയും സിക്സും പറത്തി സഞ്ജു 15 ഓവറില്‍ കൊച്ചിയെ 140 റണ്‍സിലെത്തിച്ചു. പതിനാറാം ഓവറില്‍ ആറ് പന്തില്‍ 16 റണ്‍സെടുത്ത സാലിയുടെ വിക്കറ്റും കൊച്ചിക്ക് നഷ്ടമായി. സഞ്ജുവും ആല്‍ഫി ഫ്രാന്‍സിസും ചേര്‍ന്ന് കൊച്ചിയെ പതിനേഴാം ഓവറില്‍ 150 കടത്തി. അവസാന ഓവറുകളില്‍ സഞ്ജു വെടിക്കെട്ട് കാണാനിരുന്നവരെ നിരാശാക്കി പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു 89 റണ്‍സുമായി മടങ്ങി. നാലു ഫോറും ഒമ്പത് സിക്സും പറത്തിയാണ് സഞ്ജു 193.48 സ്ട്രൈക്ക് റേറ്റില്‍ 89 റണ്‍സെടുത്തത്. പിന്നാലെയായിരുന്നു അജിനാസിന്‍റെ ഹാട്രിക്ക്. അവസാന രണ്ടോവറില്‍ ആഞ്ഞടിച്ച ആല്‍ഫി ഫ്രാന്‍സിസും അഖിലും ചേര്‍ന്ന് കൊച്ചിയെ 190ല്‍ എത്തിച്ചു. തൃശൂരിനായി അജിനാസ് നാലോവറില്‍ 30 റണ്‍സ് വഴങ്ങി ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക