
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ന് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ 33 റണ്‍സിന്റെ തോല്‍വിയാണ് ബ്ലൂ ടൈഗേഴ്‌സ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 43 പന്തില്‍ 94 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബ്ലൂ ടൈഗേഴ്‌സിന് 19 ഓവറില്‍ 216ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയാണ് ബ്ലൂ ടൈഗേഴ്‌സിനെ തകര്‍ത്തത്. സഞ്ജു ഇല്ലാതെയാണ് ഇന്ന് ബ്ലൂടൈഗേഴ്‌സ് ഇറങ്ങിയത്.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിനൂപ് മനോഹരന്‍ - (36) - മുഹമ്മദ് ഷാനു (53) സഖ്യം 42 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ നാലാം ഓവറില്‍ വിനൂപ് റണ്ണൗട്ടായത് ബ്ലൂ ടൈഗേഴ്‌സിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയ രാകേഷ് കെ ജെ 38 റണ്‍സ് നേടിയെങ്കിലും വേഗതയില്ലായിരുന്നു. 30 പന്തുകള്‍ താരം നേരിട്ടു. ഒരറ്റത്ത് ഷാനു ആക്രമിച്ച് കൡച്ചു. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. എന്നാല്‍ പത്താം ഓവറില്‍ ഷാനു മടങ്ങി. 22 പന്തുകള്‍ നേരിട്ട താരം നാല് വീതം ഫോറും സിക്‌സും നേടി. സ്‌കറിയക്കായിരുന്നു വിക്കറ്റ്.
തുടര്‍ന്നെത്തിയവരില്‍ മുഹമ്മദ് ആഷിഖിന് (11 പന്തില്‍ 38) മമാത്രാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. നിഖില്‍ (2), അജീഷ് (5), സാലി സാംസണ്‍ (9), ആല്‍ഫി ഫ്രാന്‍സിസ് (18), ജെറിന്‍ പി എസ് (0), അഫ്രദ് നാസര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖില്‍ (7) പുറത്താവാതെ നിന്നു. സ്‌കറിയക്ക് പുറമെ മുഹമ്മദ് അന്‍ഫല്‍, മനു കൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ രോഹന് പുറമെ അജിനാസ് (49), സ്‌കറിയ (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്: സുരേഷ് സച്ചിന്‍ (വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), അജിനാസ്, കൃഷ്ണ ദേവന്‍, പള്ളം മുഹമ്മദ് അന്‍ഫല്‍, അഖില്‍ സ്‌കറിയ, മനു കൃഷ്ണന്‍, സല്‍മാന്‍ നിസാര്‍, സുധേശന്‍ മിഥുന്‍, അഖില്‍ ദേവ്, മോനു കൃഷ്ണ.
കൊച്ചി ബ്ലൂടൈഗേഴ്‌സ്: സാലി സാംസണ്‍ (ക്യാപ്റ്റന്‍), വിനൂപ് മനോഹരന്‍, രാകേഷ് കെ ജെ, നിഖില്‍ (വിക്കറ്റ് കീപ്പര്‍), ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, അജീഷ് കെ, മുഹമ്മദ് ആഷിക്, ജെറിന്‍ പി എസ്, അഖില്‍ കെ ജി, അഫ്രാദ് നാസര്‍, അഖിന്‍ സത്താര്‍.