പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് ഓസീസ് ബൗളർമാർക്കും അറിയാമായിരുന്നു, വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ്

Published : May 15, 2021, 02:49 PM ISTUpdated : May 15, 2021, 02:54 PM IST
പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് ഓസീസ് ബൗളർമാർക്കും അറിയാമായിരുന്നു, വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ്

Synopsis

പന്ത് ചുരണ്ടിയതിന്റെ ഉത്തരവാദിത്തും പൂർണമായും തനിക്കാണെന്ന് പറഞ്ഞശേഷമായിരുന്നു ഇതിനെക്കുറിച്ച് ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് തുറന്നുപറഞ്ഞത്.

സിഡ്നി:ഛ ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉൾപ്പെട്ട പന്ത് ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റ്. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ വാർണറുടെ നിർദേശപ്രകാരം സ്മിത്തിന്റെ അറിവോടെ ബാൻക്രോഫ്റ്റാണ് പന്തിൽ കൃത്രിമം കാട്ടിയത്. എന്നാൽ താൻ പന്ത് ചുരണ്ടി ബൗളർമാരെ സഹായിക്കുന്ന കാര്യം ഓസീസ് ബൗളർമാർക്കും അറിയാമായിരുന്നുവെന്നാണ് ബാൻക്രോഫ്റ്റ് ​ഗാർഡ‍ിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

പന്ത് ചുരണ്ടിയതിന്റെ ഉത്തരവാദിത്തം പൂർണമായും തനിക്കാണെന്ന് പറഞ്ഞശേഷമായിരുന്നു ഇതിനെക്കുറിച്ച് ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് തുറന്നുപറഞ്ഞത്. പന്ത് ചുരണ്ടുന്നതിലൂടെ ബൗളർമാർക്ക് അധിക ആനുകൂല്യം ലഭിക്കുന്നുണ്ടല്ലോ. സ്വാഭാവികമായും അവർക്ക് അതറിയാമല്ലോ. അത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ ബാൻക്രോഫ്റ്റ് അഭിമുഖത്തിൽ വ്യക്തമാക്കിയത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, നേഥൻ ലിയോൺ എന്നിവരാണ് ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ ഓസീസിനായി പന്തെറിഞ്ഞത്.

2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടൽ വിവാദമുണ്ടായത്. ബൗളർമാർക്ക് കൂടുതൽ സ്വിം​ഗ് ലഭിക്കാനായി പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന സാൻഡ് പേപ്പർ ഉപയോ​ഗിച്ച് ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടിയെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു.

തുടർന്ന് ബാൻക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും ഡേവിഡ് വാർണറയും സ്റ്റീവ് സ്മിത്തിനെയും ഒരു വർഷത്തേക്കും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. വാർണർക്ക്  ഓസട്രേലിയൻ ക്യാപ്റ്റനാവുന്നതിന് ആജീവനാന്ത വിലക്കും സ്മിത്തിന് രണ്ട് വർഷ വിലക്കും ഏർപ്പെടുത്തുകയും ചെയ്തു.

സ്മിത്തിനും വാർണർക്കും ബാൻക്രോഫ്റ്റിനും മാത്രമെ പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളു എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കണ്ടെത്തൽ. എന്നാൽ ടീമിലെ മറ്റ് കളിക്കാർക്കും ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന ബാൻക്രോഫിറ്റിന്റെ വെളിപ്പെടുത്തൽ കൂടുതൽ വിവാ​ദങ്ങൾക്ക് വഴി തുറന്നേക്കും.

വിവാദത്തെയും വിലക്കിനെയും തുടർന്ന് ടീമിൽ നിന്ന് പുറത്തായ 28കാരനായ ബാൻക്രോഫ്റ്റിന് പിന്നീട് ഓസീസ് ടീമിൽ തിരിച്ചെത്താനായിട്ടില്ല. വിലക്ക് നീങ്ങിയതോടെ വാർണറും സ്മിത്തും ഓസീസിനായി വീണ്ടും കളിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി