
മുംബൈ: ബൗൾ ചെയ്യാനാവില്ലെങ്കിൽ ഹർദ്ദിക് പാണ്ഡ്യയെ ഏകദിന, ടി20 ടീമുകളിലേക്കും പരിഗണിക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സെലക്ടറായ ശരൺദീപ് സിംഗ്. ബൗൾ ചെയ്യാനാവില്ല എന്നതിനാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്ന് ഹർദ്ദികിനെ ഒഴിവാക്കാനുള്ള സെലക്ടർമാരുടെ തീരുമാനം ശരിയായിരുന്നുവെന്നും ശരൺദീപ് സിംഗ് പറഞ്ഞു.
2019ൽ പുറത്തേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹർദ്ദിക് പിന്നീട് ടീമിൽ തിരിച്ചെത്തിയെങ്കിലും സ്ഥിരമായി പന്തെറിഞ്ഞിരുന്നില്ല. ഐപിഎല്ലിലും മുംബൈക്കായി ഹർദ്ദിക് ഒറ്റ ഓവർ പോലും എറിഞ്ഞില്ല. ഈ സാഹചര്യത്തിൽ നിലവിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രമാണ് ഹർദ്ദിക്കിനെ ഏകദിന, ടി20 ടീമുകളിൽ പരിഗണിച്ചിരുന്നത്. എന്നാൽ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം ഹർദ്ദിക്കിന് ഏകദിനങ്ങളിലും, ടി20യിലും പ്ലേയിംഗ് ഇലവനിൽ ഇടം നൽകുന്നത് ശരിയല്ലെന്നാണ് ശരൺദീപ് സിംഗിന്റെ നിലപാട്.
അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നീ ഓൾ റൗണ്ടർമാർ ഇപ്പോൾ ടീമിലുണ്ട്. പുറമെ രവീന്ദ്ര ജഡേജ തിരിച്ചെത്തുകയും ചെയ്തു. ഷർദ്ദുൽ ഠാക്കൂറിനെയും ഓൾ റൗണ്ടറായി പരിഗണിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ ഹർദ്ദിക്കിന് ഏകദിന, ടി20 ടീമുകളിൽ ബാറ്റ്സ്മാനെന്ന നിലയിൽ മാത്രം ഇടം നൽകാനാവില്ല.
ഓപ്പണർ പൃഥ്വി ഷായെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാമായിരുന്നുവെന്നും ശരൺദീപ് സിംഗ് വ്യക്തമാക്കി. മുമ്പ് ഇന്ത്യക്കായി സെവാഗ് പുറത്തെടുത്ത പ്രകടനം ആവർത്തിക്കാൻ കെൽപ്പുള്ള താരമാണ് പൃഥ്വി ഷാ. ഓസ്ട്രേലിയൻ പര്യടനത്തിൽ തിളങ്ങാതിരുന്ന ഷാ തന്റെ ബാറ്റിംഗിലെ പിഴവുകൾ പരിഹരിച്ച് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും റൺസടിച്ചു കൂട്ടുകയും ചെയ്തു. ഇത്തരം പ്രതിഭകളെ അത്ര പെട്ടെന്ന് മാറ്റിനിർത്താനാവില്ലെന്നും അവർക്ക് ശരിയായ പിന്തുണ നൽകുകയാണ് വേണ്ടതെന്നും ശരൺദീപ് സിംഗ് വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഓപ്പണർമാരായി രോഹിത് ശർമയെയും ശുഭ്മാൻ ഗില്ലിനെയും സെലക്ടർമാർ നിലനിർത്തിയപ്പോൾ റിസർവ് ഓപ്പണറായി ടീമിലെടുത്തത് അഭിമന്യു ഈശ്വരനെ ആയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!