റിഷഭ് പന്തിനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റി എന്നതിന് ടോസ് വേളയില്‍ രോഹിത് ശര്‍മ്മ മറുപടി നല്‍കി

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇറങ്ങുകയാണ്. നിര്‍ണായകമായ മൂന്നാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തിയാണ് രോഹിത് ശര്‍മ്മയും സംഘത്തിന്‍റേയും വരവ്. പരക്കെ എക്‌സ് ഫാക്‌ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്തിനെ എന്തുകൊണ്ട് ജയം അനിവാര്യമായ മത്സരത്തില്‍ പുറത്തിരുത്തി ഇന്ത്യ? ആദ്യ ടി20യില്‍ അടിവാങ്ങി വലഞ്ഞ ഭുവനേശ്വര്‍ കുമാറിന് വീണ്ടും അവസരം നല്‍കാന്‍ പ്രേരിപ്പിച്ച കാരണവും അറിയാം. 

റിഷഭ് പന്തിനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റി എന്നതിന് ടോസ് വേളയില്‍ രോഹിത് ശര്‍മ്മ മറുപടി നല്‍കി. എട്ട് ഓവര്‍ മത്സരമായി ചുരുങ്ങിയ അവസാന ടി20യില്‍ നാല് ബൗളര്‍മാരെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചത്. അതിനാലാണ് അന്ന് ഭുവനേശ്വര്‍ കുമാറിന് പുറത്തിരിക്കേണ്ടിവന്നതും റിഷഭ് പ്ലേയിംഗ് ഇലവനിലെത്തിയതും. എന്നാല്‍ ഇന്ന് 20 ഓവര്‍ വീതം മത്സരം നടക്കും എന്നതിനാല്‍ ബൗളിംഗ് ഓപ്‌ഷന്‍ കണക്കാക്കി ഭുവിയെ ഇലവനിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കഴിഞ്ഞ മത്സരത്തില്‍ തിരിച്ചെത്തിയതോടെ ഇന്ത്യക്ക് ഡെത്ത് ഓവറില്‍ ഇനി ഭുവിയെ ആശ്രയിക്കേണ്ടതില്ല എന്ന കാരണവും ടീം തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. 

മൊഹാലിയിലെ ആദ്യ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഭുവി അഞ്ച് ഓവറില്‍ 52 റണ്‍സ് വഴങ്ങിയിരുന്നു. സ്ലോഗ് ഓവറുകളില്‍ 15ഉം 16ഉം റണ്‍സ് വീതമാണ് ഭുവനേശ്വര്‍ കൊടുത്തത്. നാഗ്‌പൂരിലെ രണ്ടാം ടി20 മഴമൂലം 8 ഓവര്‍ വീതമായി ചുരുക്കിയപ്പോള്‍ ഭുവിയെ ഇറക്കേണ്ടിവന്നില്ല. അധികബാറ്ററായി റിഷഭിന് അവസരം നല്‍കുകയായിരുന്നു. അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍ എന്നിങ്ങനെ നാല് ബൗളര്‍മാര്‍ക്കാണ് ഇന്ത്യ അവസരം നല്‍കിയത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു അഞ്ചാം ബൗളര്‍. ഹര്‍ഷലും ബുമ്രയും അക്‌സറും രണ്ട് വീതവും പാണ്ഡ്യയും ചാഹലും ഓരോ ഓവറും എറിഞ്ഞ് എട്ട് ഓവര്‍ പൂര്‍ത്തിയാക്കി. 

ഇന്ന് ഹൈദരാബാദില്‍ പരമ്പരയിലെ അവസാന ടി20യില്‍ ബുമ്രയും ഹര്‍ഷലും ചേര്‍ന്ന് ഡെത്ത് ഓവര്‍ കൈകാര്യം ചെയ്യാനാണ് സാധ്യത. എന്നാല്‍ പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ഹര്‍ഷലിന്‍റെ ഡെത്ത് ഓവര്‍ മികവിന്‍മേലും ചോദ്യമുയരുകയാണ്. നാഗ്‌പൂരില്‍ അവസാന ഓവറില്‍ മാത്യൂ വെയ്‌ഡ് മൂന്ന് സിക്‌സര്‍ പറത്തിയപ്പോള്‍ 19 റണ്‍സാണ് ഹര്‍ഷല്‍ വഴങ്ങിയത്. എന്നാല്‍ മത്സരം ആറ് വിക്കറ്റിന് ഇന്ത്യ വിജയിച്ചു. 

ജയിക്കുന്നവര്‍ക്ക് പരമ്പര; ഇന്ത്യ-ഓസീസ് മൂന്നാം ടി20ക്ക് കളമൊരുങ്ങി; ടോസ് വീണു, ടീമുകളില്‍ മാറ്റം