
മുള്ളൻപൂർ: ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുമ്പോഴും സെഞ്ചുറിക്ക് തൊട്ടുമുന്നിൽ അനാവശ്യ ഷോട്ടുകൾ കളിച്ച് പുറത്താകുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്‍റെ ബാറ്റിംഗ് ശൈലിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ പന്ത് വീണ്ടും 80-കളിൽ പുറത്തായ പശ്ചാത്തലത്തിലാണ് മുൻ സഹതാരം കൂടിയായ അശ്വിന്‍റെ വിമര്‍ശനം.
മത്സരത്തിൽ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന പന്ത് 81 റൺസെടുത്തു നിൽക്കെ അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിക്കെതിരെ ക്രീസ് വിട്ടിറങ്ങി വലിയ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു. ബൗണ്ടറി ലൈനിൽ ഫീൽഡർമാരെ നിർത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും റിഷഭ് പന്ത് എടുത്ത ഈ അനാവശ്യ റിസ്ക് ആരാധകരെയും നിരാശരാക്കി. പന്തിന്‍റെ ടെസ്റ്റ് കരിയറിൽ 80-നും 99-നും ഇടയിൽ പുറത്താകുന്നത് ഇത് ഒൻപതാം തവണയാണ്.
നീ എത്ര തവണയാണ് 80-കളിലും 90-കളിലും പുറത്തായിട്ടുള്ളത്?. ഇത്രയും മികച്ചൊരു ടെസ്റ്റ് ബാറ്ററെ കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്. പക്ഷേ 80 റൺസിൽ നിൽക്കുമ്പോൾ ഇങ്ങനെയൊരു ഷോട്ട് കളിക്കുന്നത് എന്ത് ചിന്തയിലാണ്?. 80 റൺസ് വരെ എത്തിയാൽ ബാക്കി 20 റൺസ് കൂടി എടുക്കാൻ നിനക്ക് കളിച്ചുകൂടേയെന്ന് യുട്യൂബ് ചാനലില്‍ അശ്വിൻ ചോദിച്ചു. എല്ലാ ബാറ്റർമാർക്കും പിഴവുകൾ സംഭവിക്കാറുണ്ടെങ്കിലും പന്ത് ഇത് ആവർത്തിക്കുന്നത് നിരാശാജനകമാണെന്ന് അശ്വിൻ കൂട്ടിച്ചേർത്തു. പന്ത് ഇപ്പോൾ 50-ലധികം ടെസ്റ്റുകൾ കളിച്ചുകഴിഞ്ഞു. അതിനാൽ സാഹചര്യങ്ങൾക്കനുസരിച്ച് ടീമിനായി ഉത്തരവാദിത്തത്തോടെ കളിക്കാൻ അവൻ പഠിക്കേണ്ടതുണ്ട്. ഈ 80-കളും 90-കളും സെഞ്ചുറികളാക്കി മാറ്റിയിരുന്നെങ്കിൽ പന്തിന്‍റെ ടെസ്റ്റ് റെക്കോർഡ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഒന്നാകുമായിരുന്നുവെന്നും അശ്വിൻ ഓർമ്മിപ്പിച്ചു.
വിമർശനങ്ങൾ കടുപ്പിക്കുമ്പോഴും റിഷഭ് പന്തിന്‍റെ അസാധാരണ പ്രതിഭയെ പ്രശംസിക്കാനും അശ്വിൻ മറന്നില്ല. അവൻ യഥാർത്ഥത്തിൽ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ്. അവൻ ഡിഫൻഡ് ചെയ്ത് കളിക്കുമ്പോൾ സാക്ഷാൽ സുനിൽ ഗാവസ്കർ പോലും അതിശയിച്ചുപോകാറുണ്ട്. പന്ത് ബാറ്റ് ചെയ്യുമ്പോൾ പന്തിന്‍റെ വേഗത എത്രയാണെങ്കിലും ഷോട്ട് തിരഞ്ഞെടുക്കാൻ അവന് ആവശ്യത്തിന് സമയമുണ്ടെന്ന് തോന്നിക്കുമെന്നും അശ്വിൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് എന്നത് എപ്പോൾ ആക്രമിക്കണം എന്ന് കൃത്യമായി തിരഞ്ഞെടുക്കുന്നതിലാണെന്നും, വെറുതെ വലിയ ഷോട്ടുകൾക്ക് മുതിരാതെ സാഹചര്യങ്ങൾ നോക്കി കളിക്കുകയാണ് പന്ത് ഇനി ചെയ്യേണ്ടതെന്നും അശ്വിൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!