ഇന്ത്യക്ക് മറക്കാനാകുമോ ആമിര്‍ സൊഹൈലിന്‍റെ വായടപ്പിച്ച ആ പന്ത്; വെങ്കിടേഷ് പ്രസാദിന് പിറന്നാള്‍ മധുരം-വീഡിയോ

Published : Aug 05, 2023, 12:44 PM IST
 ഇന്ത്യക്ക് മറക്കാനാകുമോ ആമിര്‍ സൊഹൈലിന്‍റെ വായടപ്പിച്ച ആ പന്ത്; വെങ്കിടേഷ് പ്രസാദിന് പിറന്നാള്‍ മധുരം-വീഡിയോ

Synopsis

288 റണ്‍സ് നേടണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പാക് മറുപടിയാകട്ടെ ഇന്നത്തെ ടി20 പോലെ ആയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വസീം അക്രമിന്‍റെ അഭാവത്തില്‍ പാക്കിസ്ഥാന്‍ നായകനായ ആമിര്‍ സൊഹൈലും സയ്യിദ് അന്‍വറും ചേര്‍ന്ന് അടിച്ചെടുത്തത് 10 ഓവറില്‍ 84 റണ്‍സ്.

ബെംഗലൂരു: ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒക്ടോബര്‍ 15ന് നിശ്ചയിച്ചിരുന്ന മത്സരം നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുന്നത് കണക്കിലെടുത്ത് 14ലേക്ക് മാറ്റിയിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം കാണികള്‍ക്ക് നടുവിലാണ് മത്സരമെന്നത് പോരാട്ടത്തിന്‍റെ ആവേശം കൂട്ടുന്നു.

ലോകകപ്പിലെ പോരാട്ടത്തിന് കാത്തിരിക്കുന്ന ആരാധാകര്‍ ഒരിക്കലും മറക്കാത്ത മറ്റൊരു ഇന്ത്യ-പാക് പോരാട്ടമുണ്ട്. 1996ല്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ബെംഗലൂരുവിലെ ചിന്നസ്വമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നവജ്യോത് സിദ്ദുവിന്‍റെയും അജയ് ജഡേജയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ അടിച്ചെടുത്തത് 287 റണ്‍സ്. ടി20 ക്രിക്കറ്റിന്‍റെ കാലത്ത് 288 റണ്‍സ് ഏകദിനത്തിലെ വലിയ സ്കോറല്ലെങ്കിലും അക്കാലത്ത് അത് വലിയ വിജയലക്ഷ്യമായിരുന്നു.

288 റണ്‍സ് നേടണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പാക് മറുപടിയാകട്ടെ ഇന്നത്തെ ടി20 പോലെ ആയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വസീം അക്രമിന്‍റെ അഭാവത്തില്‍ പാക്കിസ്ഥാന്‍ നായകനായ ആമിര്‍ സൊഹൈലും സയ്യിദ് അന്‍വറും ചേര്‍ന്ന് അടിച്ചെടുത്തത് 10 ഓവറില്‍ 84 റണ്‍സ്. 32 പന്തില്‍ 48 റണ്‍സടിച്ച അന്‍വറിനെ ശ്രീനാഥ് പുറത്താക്കിയപ്പോള്‍ ഇന്ത്യ ആശ്വസിച്ചെങ്കിലും സൊഹൈല്‍ അടങ്ങാന്‍ കൂട്ടാക്കിയില്ല. മറുവശത്ത ഇജാസ് അഹമ്മദ് മുട്ടിക്കളി തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരെ സൊഹൈല്‍ അടിച്ചു പറത്തി. വെങ്കിടപതി രാജുവും അനില്‍ കുംബ്ലെയും വിക്കറ്റെടുക്കാനാവാതെ വിയര്‍ത്തപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ വീണ്ടും വെങ്കിടേഷ് പ്രസാദിനെ പന്തെറിയാന്‍ വിളിച്ചു.

പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ പ്രസാദിന്‍റെ ആദ്യ പന്ത് തന്നെ ഇജാസ് അഹമ്മദ് ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് സൊഹൈലിന് കൈമാറി. പ്രസാദിന്‍റെ മൂന്നും നാലും പന്തുകളില്‍ റണ്ണെടുക്കാന്‍ സൊഹൈലിനായില്ല. എന്നാല്‍ പ്രസാദിന്‍റെ അഞ്ചാം പന്തില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി എക്സ്ട്രാ കവറിന് മുകളിലൂടെ ബൗണ്ടറി പറത്തിയ സൊഹൈല്‍ പ്രസാദിന്‍റെ മുഖത്തുനോക്കി പോയന്‍റ് ബൗണ്ടറിയിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു, അടുത്ത പന്ത് അവിടെ അടിക്കുമെന്ന്.

കിഷന്‍ പുറത്താകും, ജയ്‌സ്വാള്‍ വരും, സഞ്ജു കീപ്പറാകും; വിന്‍ഡീസിനെതിരായ രണ്ടാം ടി20ക്കുള്ള സാധ്യതാ ടീം

എന്നാല്‍ അടുത്ത പന്തില്‍ സംഭവിച്ചതോ, അമിതാവേശത്തില്‍ ബാറ്റുവീശിയ സൊഹൈലിന്‍റെ ഓഫ് സ്റ്റംപ് ഇളക്കി പ്രസാദിന്‍റെ ലെഗ് കട്ടര്‍. പാക്കിസ്ഥാനെതിരായ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവെക്കാനുള്ള പ്രതികാര നിമിഷം സമ്മാനിച്ച വെങ്കിടേഷ് പ്രസാദ് ഇന്ന് 54-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വെങ്കിടേഷ് പ്രസാദിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പിറന്നാള്‍ ആശംസകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്