മത്സരത്തിൽ ഇന്ത്യ 61 റൺസിന്‍റെ വിജയം ഉറപ്പാക്കിയതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍റെ അവസാന ബാറ്റിംഗ് ജോഡികളായിരുന്ന ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാനായി കുറച്ചുനേരം കാത്തുനിന്നത്.

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ജയത്തിന് പിന്നാലെ, ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം ചെയ്യുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്ന് പാക് താരങ്ങളായ ഷഹീന്‍ ഷാ അഫ്രീദിയും ഉസ്മാന്‍ താരിഖും. മത്സരം അവസാനിച്ച ശേഷം ഇന്ത്യൻ താരങ്ങൾക്ക് പരസ്പപരം ഹസ്തദാനം അഭിനന്ദിക്കുന്നതിനിടെയാണ് ക്രീസില്‍ നിന്ന് മടങ്ങിയ ഷഹീനും താരിഖും കുറച്ചുദൂരം നടന്നശേഷം ഇന്ത്യൻ താരങ്ങള്‍ക്കായി കാത്തുനിന്നത്. എന്നാല്‍ ഇന്ത്യൻ താരങ്ങളാലും പാക് താരങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ടീം ഇന്ത്യ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

മത്സരത്തിൽ ഇന്ത്യ 61 റൺസിന്‍റെ വിജയം ഉറപ്പാക്കിയതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍റെ അവസാന ബാറ്റിംഗ് ജോഡികളായിരുന്ന ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാനായി കുറച്ചുനേരം കാത്തുനിന്നത്. എന്നാൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യൻ ടീം അംഗങ്ങളും പരസ്പരം വിജയം ആഘോഷിച്ചശേഷം ഒന്നിച്ച് മൈതാനത്തിന് പുറത്തേക്ക് നടന്നു. ഇന്ത്യൻ താരങ്ങള്‍ അവഗണിച്ചതോടെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ അഫ്രീദിയും താരിഖും ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കിയശേഷണ് നടന്നു നീങ്ങിയത്.

കഴിഞ്ഞ ഏഷ്യാ കപ്പ് മുതലാണ് പാക് താരങ്ങളുമായി മൈതാനത്ത് യാതൊരുവിധത്തിലുള്ള സൗഹൃദപ്രകടനങ്ങളും വേണ്ടെന്ന് ഇന്ത്യ കടുത്ത നിലപാടെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു.

Scroll to load tweet…

പാകിസ്ഥാനോടുള്ള പ്രതിഷേധമെന്ന നിലയിൽ, 2025-ലെ ഏഷ്യാ കപ്പ് മുതലാണ് പാക് താരങ്ങൾക്ക് കൈകൊടുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. ടോസ് സമയത്തും മത്സരത്തിന് ശേഷവും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഈ നിലപാട് കർശനമായി പാലിച്ചു. എന്നാൽ ഇന്ത്യയുടെ നിലപാട് ക്രിക്കറ്റിലെ മാന്യതക്ക് നിരക്കുന്നതല്ലെന്ന് ചില മുൻ പാക് താരങ്ങൾ വിമർശനം ഉന്നയിച്ചു. ടോസ് സമയത്ത് പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് കൈകൊടുക്കാതെ സൂര്യകുമാർ യാദവ് തിരിഞ്ഞു നടന്നതും വലിയ വാർത്തയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക