
ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലയെ ആറ് വിക്കറ്റിന് തകര്‍ത്ത് മധ്യമേഖല ചാമ്പ്യൻമാര്‍. വിജയലക്ഷ്യമായ 65 റണ്‍സ് മധ്യമേഖല അവസാന ദിനം ആദ്യ സെഷനില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ യാഷ് റാത്തോഡ് 13 റണ്‍സുമായും അക്ഷയ് വാഡ്കര്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മധ്യമേഖലക്ക് 49 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായെങ്കിലും പൊരുതാനുള്ള സ്കോര്‍ ഇല്ലാതിരുന്നത് ദക്ഷിണമേഖലക്ക് തിരിച്ചടിയായി.
ഡാനിഷ് മലേവാര്‍(5), ശുഭം ശര്‍മ(8), സാരാന്‍ഷ് ജെയിന്‍(4), ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍(13) എന്നിവരുടെ വിക്കറ്റുകളാണ് മധ്യമേഖലക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ദക്ഷിണമേഖലക്ക് വേണ്ടി ഗുര്‍ജപ്നീത് സിംഗും അങ്കിത് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മധ്യമേഖലക്കായി ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റെടുക്കുകയും ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്ത സാരാന്‍ഷ് ജെയ്നാണ് കളിയിലെ താരം. സ്കോര്‍ ദക്ഷിണ മേഖല 149, 426, മധ്യമേഖല, 511, 66/4.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സിന് പുറത്തായ ദക്ഷിണ മേഖലക്ക് മറുപടിയായി മധ്യമേഖല ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്‍റെയും യാഷ് റാത്തോഡിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 511 റണ്‍സടിച്ചു. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാനായി രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയ ദക്ഷിണ മേഖലക്കായി സ്മരൺ രവിചന്ദ്രന്‍(67), ആന്ദ്രെ സിദ്ധാര്‍ത്ഥ്(84), അങ്കിത് ശര്‍മ(99), റിക്കി ബൂയി(45), മോഹിത് കാലെ(38) എന്നിവര്‍ പൊരുതിയെങ്കിലും മലയാളി താരങ്ങളായ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും(27), സല്‍മാന്‍ നിസാറിനും(12) തിളങ്ങാനാവാഞ്ഞത് നിരാശയായി.
ക്യാപ്റ്റനെന്ന നിലയില്‍ ആര്‍സിബിക്കായി ഐപിഎല്‍ കിരീടം നേടിയ രജത് പാട്ടീദാര്‍ കഴിഞ്ഞ മുഷ്താഖ് അലി ടി20 ട്രോഫിയിലും ടീമിനെ ചാമ്പ്യൻമാരാക്കിയിരുന്നു. ദുലീപ് ട്രോഫി കൂടി നേടി രജത് പാട്ടീദാര്‍ ട്രിപ്പിള്‍ തികച്ചു. ഈ മാസം തുടങ്ങുന്ന ഓസ്ട്രേലിയ എക്കെതിരാ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ ആദ്യ മത്സരത്തില്‍ നയിക്കുന്നതും രജത് പാട്ടീദാറാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക