
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് വേണ്ടി കളിക്കുന്ന അഭിഷേക് ശര്‍മയ്ക്ക് നിരാശ. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ഉത്തരാഖണ്ഡിനെതിരെ 30 റണ്‍സെടുത്ത് പുറത്തായി. മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെടുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ നേടാന്‍ സാധിച്ചത്. 65 റണ്‍സെടുത്ത സലില്‍ അറോറയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഉത്തരാഖണ്ഡ് 47.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 114 പന്തില്‍ 118 റണ്‍സെടുത്ത കുനാല്‍ ചന്ദേലയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
38 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയ ശാശ്വത് ദഗ്വാളിന്റെ ഇന്നിംഗ്‌സും ഉത്തരാഖണ്ഡിന്റെ വിജയത്തില്‍ നിര്‍ണായകമായി ഹര്‍ഷ് റാണ (28), സുജിത് (28), കമല്‍ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സൗരഭ് റാവത്ത് (12) ശാശ്വതിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ അഭിഷേകും പ്രഭ്‌സിമ്രാനും (28) ഉള്‍പ്പെടെയുള്ള താരങ്ങല്‍ നിരാശപ്പെടുത്തിയപ്പോള്‍ അറോറയും കൃഷ് ഭഗതുമാണ് (65 പന്തില്‍ 51) പഞ്ചാബിന് കരുത്തായത്. അന്‍മോല്‍പ്രീത് സിംഗ് (21), നമന്‍ ധിര്‍ (2), രമണ്‍ദീപ് സിംഗ് (1), ഹര്‍പ്രീത് ബ്രാര്‍ (6), ഗുര്‍നൂര്‍ ബ്രാര്‍ (25) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുഖ്ദീപ് ബജ്വ (29), രഘു ശര്‍മ (1) പുറത്താവാതെ നിന്നു.
മറ്റൊരു മത്സരത്തില്‍ ബറോഡയ്‌ക്കെതിരെ ഉത്തര്‍ പ്രദേശിന്റെ ധ്രുവ് ജുറലിന് സെഞ്ചുറി. മത്സരത്തില്‍ ഉത്തര്‍ പ്രദേശ് 54 റണ്‍സിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി ഉത്തര്‍ പ്രദേശ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സാണ് നേടിയത്. 101 പന്തില്‍ 160 റണ്‍സുമായി പുറത്താവാതെ നിന്ന് ജുറലിന് പുറമെ റിങ്കു സിംഗ് 67 പന്തില്‍ 63 റണ്‍സ് നേടി. അഭിഷേക് ഗോസ്വാമി 51 റണ്‍സെടുത്തു. പ്രശാന്ത് വീര്‍ (35), ആര്യന്‍ ജുയല്‍ (26) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ബറോഡ നിശ്ചിത ഓവറില്‍ 315 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 77 പന്തില്‍ 82 റണ്‍സ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. ശാശ്വത് റാവത്ത് (60), വിഷ്ണു സോളങ്കി (43), ഷേത് (46) എന്നിവരും തിളങ്ങി. സീഷന്‍ അന്‍സാരി ഉത്തര്‍ പ്രദേശിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!