റുതുരാജ് ഗെയ്കവാദിന് സെഞ്ചുറി, ഇഷാന്‍ കിഷന്‍ ക്രീസില്‍; ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വിജയ പ്രതീക്ഷ

Published : Nov 13, 2025, 08:53 PM IST
Ruturaj Gaikwad

Synopsis

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തിൽ റുതുരാജ് ഗെയ്കവാദ് സെഞ്ചുറി നേടി. 286 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ, ഗെയ്കവാദിന്റെയും ക്രീസിലുള്ള ഇഷാൻ കിഷന്റെയും മികവിൽ വിജയത്തിലേക്ക് കുതിക്കുകയാണ്.

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയുടെ റുതുരാജ് ഗെയ്കവാദിന് സെഞ്ചുറി. രാജ്‌കോട്ടില്‍ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 39 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. റുതുരാജിനൊപ്പം (113) ഇഷാന്‍ കിഷന്‍ (8) ക്രീസിലുണ്ട്. നേരത്തെ, തുടക്കത്തില്‍ അഞ്ചിന് 53 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. 90 റണ്‍സ് നേടിയ ഡെലാനോ പോട്ഗീറ്ററാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡിയാന്‍ ഫോറെസ്റ്റര്‍ (77), ബോണ്‍ ഫൊര്‍ട്വിന്‍ (59) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഭിഷേക് ശര്‍മ (31), റിയാന്‍ പരാഗ് (8), ക്യാപ്റ്റന്‍ തിലക് വര്‍മ (39) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ ഗെയ്കവാദിനൊപ്പം 64 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങിയത്. ബോര്‍ ഫൊര്‍ട്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിവാള്‍ഡോ മൂണ്‍സാമിക്ക് ക്യാച്ച്. തുടര്‍ന്നെത്തിയ റിയാന്‍ പരാഗിന് (8) തിളങ്ങാനായില്ല. ടിയാന്‍ വാന്‍ വുറന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പ്രതിരോധത്തിലൂന്നി കളിച്ച തിലക്, ഗെയ്കവാദിനൊപ്പം 89 റണ്‍സ് കൂട്ടിചേര്‍ത്തു. 58 പന്തുകള്‍ നേരിട്ട തിലക് രണ്ട് ബൗണ്ടറികള്‍ നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം

സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉള്ളപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. റുബിന്‍ ഹര്‍മാന്‍ ആദ്യ പന്തില്‍ തന്നെ മടങ്ങി. അര്‍ഷ്ദീപിന്റെ പന്തില്‍ ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്ക് ക്യാച്ച്. അതേ ഓവറില്‍ ജോര്‍ദാന്‍ ഹര്‍മാനും (0) മടങ്ങി. റണ്ണൗട്ടാവുകയായിരുന്നു താരം. രണ്ടാം ഓവറില്‍ മാര്‍ക്വെസ് ആക്കര്‍മാനെ (0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. തുടര്‍ന്ന് റിവാള്‍ഡോ മൂണ്‍സാമി (10), സിനെതംബ ക്വഷിലെ (15) എന്നിവര്‍ കൂടി മടങ്ങിയതോടെ അഞ്ചിന് 55 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

ദക്ഷിണാഫ്രിക്ക എളുപ്പത്തില്‍ കീഴടങ്ങുമെന്ന് കരുതിയെങ്കിലും പിന്നീടാണ് കൂട്ടുകെട്ടുകള്‍ പിറന്നത്. ഫോറെസ്റ്റര്‍ - പോട്ഗീറ്റര്‍ സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സഹായകമായി. എന്നാല്‍ ഫോറെസ്റ്ററെ റിയാന്‍ പരാഗ് പുറത്താക്കി. പിന്നീട് ഫൊര്‍ട്വിന്‍ - പോട്ഗീറ്റര്‍ സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. 46-ാം ഓവറില്‍ പോട്ഗീറ്റര്‍ മടങ്ങി. 105 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും പത്ത് ഫോറും നേടിയിരുന്നു. അവസാന ഓവററില്‍ ഫൊര്‍ട്വിന്‍, ഷെപോ മൊറേകി (0) എന്നിവര്‍ പൂറത്തായി. ടിയാന്‍ വാന്‍ വുറന്‍ (16), ഒട്‌നീല്‍ ബാര്‍ട്മാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

ഇന്ത്യ എ ടീം: അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, നിശാന്ത് സിന്ധു, ഹര്‍ഷിത് റാണ, വിപ്രജ് നിഗം, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ.

PREV
Read more Articles on
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍