വിഷ്ണു വിനോദിന് സെഞ്ചുറി; ഒമാന്‍ ചെയര്‍മാന്‍ ഇലവനെതിരായ ടി20 പരമ്പര കേരളത്തിന്, അവസാന മത്സരത്തില്‍ 43 റണ്‍സ് ജയം

Published : Sep 26, 2025, 04:26 PM IST
Vishnu Vinod Scored Century against Oman Chairman Eleven

Synopsis

വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഒമാൻ ചെയർമാൻ ഇലവനെതിരായ മൂന്നാം ടി20 മത്സരത്തിൽ കേരളത്തിന് 43 റൺസ് ജയം. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് കേരളം സ്വന്തമാക്കി.

മസ്‌കറ്റ്: ഒമാന്‍ ചെയര്‍മാന്‍ ഇലവനുമായുള്ള ട്വന്റി 20 പരമ്പര കേരളത്തിന്. മൂന്നാം മത്സരത്തില്‍ ഒമാന്‍ ടീമിനെ 43 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് കേരളം പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാന്‍ ചെയര്‍മാന്‍ ഇലവന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണ് നേടാനായത്. ഒമാനില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കേരളം തോറ്റിരുന്നു. പിന്നീട് രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചാണ് കേരള ടീം പരമ്പര നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത വിനൂപ് മനോഹരനും രണ്ടാം ഓവറില്‍ മടങ്ങി. വിഷ്ണു വിനോദും സാലി സാംസണും ചേര്‍ന്ന 86 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ആദ്യ ഓവറുകളില്‍ കരുതലോടെ ബാറ്റ് വീശിയ വിഷ്ണു വിനോദ് ഒന്‍പതാം ഓവര്‍ മുതലാണ് കൂറ്റന്‍ ഷോട്ടുകള്‍ക്ക് തുടക്കമിട്ടത്. 29 പന്തുകളിലാണ് വിഷ്ണു അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ 30 റണ്‍സെടുത്ത സാലി മടങ്ങി. എ കെ അര്‍ജുന്‍ അഞ്ചും അഖില്‍ സ്‌കറിയ ഒരു റണ്ണും എടുത്ത് പുറത്തായി.

അവസാന ഓവറുകളില്‍ വിഷ്ണു വിനോദും അന്‍ഫലും ചേര്‍ന്നുള്ള കൂറ്റനടികളാണ് കേരളത്തിന്റെ സ്‌കോര്‍ 190 ല്‍ എത്തിച്ചത്. അവസാന രണ്ട് ഓവറുകളില്‍ നിന്നായി ഇരുവരും 38 റണ്‍സ് നേടി. വിഷ്ണു വിനോദ് 57 പന്തുകളില്‍ നിന്ന് 101ഉം അന്‍ഫല്‍ 13 പന്തുകളില്‍ നിന്ന് 32ഉം റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിന്റെ ഇന്നിങ്‌സ്. ചെയര്‍മാന്‍ ഇലവന് വേണ്ടി ഷക്കീല്‍ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയര്‍മാന്‍ ഇലവന് ഓപ്പണര്‍മാരായ ജതീന്ദര്‍ സിങ്ങും ആമിര്‍ കലീമും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജതീന്ദര്‍ സിങ് 27ഉം ആമിര്‍ കലീം 25ഉം റണ്‍സ് നേടി. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഹമ്മദ് മിര്‍സ (21), വിനായക് ശുക്ല (17) റണ്‍സും നേടി. അവസാന ഓവറുകളില്‍ സിക്രിയ ഇസ്ലാമിന്റെ കൂറ്റന്‍ ഷോട്ടുകളാണ് ചെയര്‍മാന്‍ ഇലവന്റെ സ്‌കോര്‍ 147 വരെയെത്തിച്ചത്.

സിക്രിയ ഇസ്ലാം 19 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടി. കേരളത്തിന് വേണ്ടി അഖില്‍ സ്‌കറിയ നാല് ഓവറുകളില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജെറിന്‍ പി എസ് നാല് ഓവറുകളില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജുവിനെ എന്തുകൊണ്ട് ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റി, മറുപടി നല്‍കി സൂര്യകുമാര്‍ യാദവ്
ടീമിലെത്തിയത് ജിതേഷ് ശര്‍മയുടെ പകരക്കാരനായി, മുഷ്താഖ് അലി ട്രോഫിയിൽ ലോക റെക്കോര്‍ഡ് സെഞ്ചുറിയുമായി ബറോഡ താരം