
മസ്കറ്റ്: ഒമാൻ ചെയര്‍മാന്‍സ് ഇലവനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഓപ്പണര്‍ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ മികച്ച സ്കോര്‍ കുറിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോള്‍ 57 പന്തില്‍ 101 റണ്‍സുമായി വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. 30 റണ്‍സെടുത്ത ക്യാപ്റ്റൻ സാലി സാംസണും 13 പന്തില്‍ 32 റണ്‍സെടുത്ത പി എം അന്‍ഫലും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി. ഒമാനുവേണ്ടി ഷക്കീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണര്‍ കൃഷ്ണപ്രസാദ് മടങ്ങി. രണ്ടാം വിക്കറ്റിവ്‍ വിനൂപ് മനോഹരനെ കൂട്ടുപിടിച്ച് വിഷ്ണു വിനോദ് പോരാട്ടം തുടര്‍ന്നെങ്കിലും അധികം നീണ്ടില്ല. 8 പന്തില്‍ 11 റണ്‍സെടുത്ത വിനൂപിനെ ഷാ രണ്ടാം ഓവറില്‍ ഫൈസല്‍ മടക്കി. 12-2 എന്ന സ്കോറില്‍ പതറിയ കേരളത്തെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സാലി സാംസണും വിഷ്ണു വിനോദും ചേര്‍ന്ന 86 റണ്‍സ് കൂട്ടുകെട്ടിലൂടെ പന്ത്രണ്ടാം ഓവറില്‍ 98 റണ്‍സിലെത്തിച്ചു. 32 പന്തില്‍ 30 റണ്‍സെടുത്ത സാലി സാംസണെ ഷക്കീല്‍ അഹമ്മദ് പുറത്താക്കി പിന്നാലെ അര്‍ജ്ജുനും(5), അഖില്‍ സ്കറിയയും(1) കൂടി പുറത്തായതോടെ പതിനാറാം ഓവറില്‍ 128-5 എന്ന സ്കോറില്‍ കേരളം പതറി.
എന്നാല്‍ അവസാന നാലോവറില്‍ തകര്‍ത്തടിച്ച വിഷ്ണുവും അന്‍ഫലും ചേര്‍ന്ന് കേരളത്തെ 190 റണ്‍സിലത്തിച്ചു.13 പന്തില്‍ 32 റണ്‍സടിച്ച അന്‍ഫല്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തിയപ്പോള്‍ 57 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദ് നാലു ഫോറും എട്ട് സിക്സും പറത്തി. ഒമാന്‍ ചെയര്‍മാന്‍സ് ഇലവനായി ഷക്കീല്‍ അഹമ്മദ് 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഒമാന്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കേരളം ഒരു റണ്ണിന്‍റെ ആവേശജയം സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക