ചാമ്പ്യൻസ് ട്രോഫി തിരിച്ചുവരുന്നു, ലോകകപ്പിൽ ടീമുകളുടെ എണ്ണം കൂട്ടി; നിർണായക മാറ്റങ്ങളുമായി ഐസിസി

By Web TeamFirst Published Jun 1, 2021, 10:42 PM IST
Highlights

2024-2031 കാലയളവിൽ  നടക്കുന്ന ടി20 ലോകകപ്പിൽ 16 ടീമുകൾക്ക് പകരം 20 ടീമുകളെ ഉൾപ്പെടുത്തും. അഞ്ച് ടീമുകൾ വീതമുള്ള നാലു ​ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങൾ.

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് പുനരാരംഭിക്കാനും 2024 മുതൽ 2030 വരെയുള്ള ഐസിസി ഏകദിന, ടി20 ലോകകപ്പുകളിൽ ടീമുകളുടെ എണ്ണം കൂട്ടാനും ഐസിസി തീരുമാനം. ദുബായിൽ ചേർന്ന ഐസിസി ബോർഡ് യോ​ഗമാണ് നിർണായക തീരുമാനമെടുത്തത്. 2024ലായിരിക്കും എട്ടു ടീമുകളെ ഉൾപ്പെടുത്തി ചാമ്പ്യൻസ് ട്രോഫി വീണ്ടും ആരംഭിക്കുക. 2024 കഴിഞ്ഞാൽ 2028നായിരിക്കും അടുത്ത ചാമ്പ്യൻസ് ട്രോഫി. 2017ലാണ് അവസാനം ചാമ്പ്യൻസ് ട്രോഫി നടന്നത്. ഫൈനലിൽ ഇന്ത്യയെ കീഴടക്കി പാക്കിസ്ഥാനാണ് കിരീടം നേടിയത്.

2024-2031 കാലയളവിൽ  നടക്കുന്ന ടി20 ലോകകപ്പിൽ 16 ടീമുകൾക്ക് പകരം 20 ടീമുകളെ ഉൾപ്പെടുത്തും. അഞ്ച് ടീമുകൾ വീതമുള്ള നാലു ​ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങൾ. ഇക്കാലയളവിൽ നാല് ടി20 ലോകകപ്പുകളാണ് നടക്കുക. ആകെ 55 മത്സരങ്ങളാവും ഓരോ ലോകകപ്പിലുമുണ്ടാകുക. ഓരോ ​ഗ്രൂപ്പിലെയും മുന്നിലെത്തുന്ന രണ്ട് ടീമുകൾ വീതം സൂപ്പർ എട്ടിലേക്ക് മുന്നേറും.

ഏകദിന ലോകപ്പിൽ 10 ടീമുകൾ‌ക്ക് പകരം 2027ലെയും 2031ലെയും ഏകദിന ലോകകപ്പുകളിൽ 14 ടീമുകളെ പങ്കെടുപ്പിക്കും. ഏഴ് ടീമുകൾ വീതമുള്ള രണ്ട് ​ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരങ്ങൾ. ​ഗ്രൂപ്പിലെ ആദ്യ മൂന്ന് ടീമുകൾ സൂപ്പർ സിക്സിൽ ഏറ്റുമുട്ടും. ഇതിലെ നാലു ടീമുകൾ സെമിയിലേക്ക് മുന്നേറും. 2003ൽ ഇതേ രീതിയിലായിരുന്നു ഏകദിന ലോകകപ്പ് നടന്നത്. എന്നാൽ 2023ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ 10 ടീമുകൾ തന്നെയാവും പങ്കെടുക്കുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടരും. 2024-2031 കാലയളവിൽ നാല് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകൾ‌ നടക്കും. 2025, 2027, 2029, 2031 വർഷങ്ങളിലായിരിക്കും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. 2023ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുണ്ടാകുമോ എന്നകാര്യത്തിൽ വ്യക്തതയില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!