എന്തുകൊണ്ടാണ് ഓസ്‌ട്രേലിയയില്‍ സാവധാനം ബാറ്റ് ചെയ്തത്? മറുപടിയുമായി പൂജാര

By Web TeamFirst Published Jan 28, 2021, 5:49 PM IST
Highlights

കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ 41.41 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര റണ്‍സ് നേടിയിരുന്നത്. എന്തുകൊണ്ടാണ് സാവധാനം ബാറ്റ് ചെയ്തന്നെതിന്റെ കാരണം വ്യക്തമാക്കുകയാണ് പൂജാര.

ചെന്നൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മെല്ലപ്പോക്കിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ചേതേശ്വര്‍ പൂജാര. ഇത്തവണ 29.20 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര റണ്‍സ് കണ്ടെത്തിയത്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ 41.41 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര റണ്‍സ് നേടിയിരുന്നത്. എന്തുകൊണ്ടാണ് സാവധാനം ബാറ്റ് ചെയ്തന്നെതിന്റെ കാരണം വ്യക്തമാക്കുകയാണ് പൂജാര.

ഓസീസ് പര്യടനത്തിന് മുമ്പ് താളം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പൂജാര പറുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുമ്പ് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒന്ന് മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. അതിലാവട്ടെ തൃപ്തികരമായ പ്രകടനം പുറത്തെടുക്കാനായില്ല. കൂടുതല്‍ സമയവും നെറ്റ് പ്രാക്ടീസിലായിരുന്നു. കൊവിഡ് കാലത്തിനിടെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ സാധിക്കാതിരുന്നത്. സ്റ്റീവ് സ്മിത്തിനു പോലും പരമ്പരയുടെ തുടക്കത്തില്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.'' പൂജാര പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് ടീമംഗങ്ങള്‍ മൊത്തം ആത്മവിശ്വാസത്തിലാണെന്നും പൂജാര പറഞ്ഞു. ''ഇംഗ്ലണ്ടിനെതിരായ പരമ്പര വലിയ  പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ടീമംഗങ്ങളെല്ലാം ആത്മവിശ്വാസത്തിലാണ്. ഓസീസിനെതിരേ അവരുടെ നാട്ടില്‍ നേടിയ ടെസ്റ്റ് പരമ്പര നേട്ടം എല്ലാവരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഇപ്പോഴത്തെ ടീമിനു ഇംഗ്ലണ്ടിനെതിരേ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.'' പുജാര വിശദമാക്കി. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

click me!