മുന്നില്‍ സച്ചിനും ദ്രാവിഡും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍! ഓസീസിനെതിരെ നാഴികക്കല്ലിനരികെ പൂജാരയും കോലിയും

By Web TeamFirst Published Feb 7, 2023, 4:21 PM IST
Highlights

നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ രണ്ട് പേര്‍ പൂജാരയും കോലിയുമാണ്. 1893 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. കോലി 1682 റണ്‍സ് നേടിയിട്ടുണ്ട്.

നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. നാല് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച നാഗ്പൂരിലാണ് തുടക്കമാവുന്നത്. വിരാട് കോലി, ചേതേശ്വര്‍ പൂജാര, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ്, ആര്‍ അശ്വിന്‍ എന്നിവരെല്ലാം പരമ്പരയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ചില നേട്ടങ്ങളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അതില്‍ പ്രധാനികള്‍ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പൂജാരയും മുന്‍ ക്യാപ്റ്റന്‍ കോലിയും തന്നെയാണ്. 

നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ രണ്ട് പേര്‍ പൂജാരയും കോലിയുമാണ്. 1893 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. കോലി 1682 റണ്‍സ് നേടിയിട്ടുണ്ട്. 107 റണ്‍സ് കൂടി നേടിയാല്‍ പൂജാരയ്ക്ക് 2000 റണ്‍സ് ക്ലബിലെത്താം. കോലിക്ക് വേണ്ടത് 318 റണ്‍സ്. നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (3262), റിക്കി പോണ്ടിംഗ് (2555), വിവിഎസ് ലക്ഷ്മണ്‍ (2434), രാഹുല്‍ ദ്രാവിഡ് (2143), മൈക്കല്‍ ക്ലര്‍ക്ക് (2049) എന്നിവര്‍ മാത്രമാണ് 2000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍. നിലവില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ കളിക്കുന്ന സ്റ്റീവന്‍ സ്മിത്ത് 1742 റണ്‍സ് നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണറുടെ സമ്പാദ്യം 1148 റണ്‍സാണ്. അതേസമയം, രോഹിത് ശര്‍മ ഏഴ് ടെസ്റ്റില്‍ നിന്ന് 408 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ ഒമ്പത് ടെസ്റ്റുകളില്‍ 580 റണ്‍സ് സ്വന്തമാക്കി.

17-ാം തിയതി ദില്ലിയിലും മാര്‍ച്ച് 1ന് ധരംശാലയിലും 9ന് അഹമ്മദാബാദിലും പരമ്പരയില്‍ അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. ആദ്യ ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഇല്ലാത്തത് ഓസീസിന് തിരിച്ചടിയാണ്. അതിനാല്‍ത്തന്നെ ഓസീസ് ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. 

ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്മിത്തും, മാര്‍നസ് ലബുഷെയ്നും സ്പിന്നനെ നേരിടുന്നതില്‍ പരിചയസമ്പന്നരാണ്. മികച്ച ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം എങ്കില്‍ 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും ഉന്നമിടുന്നത്.

ജനുവരിയിലെ ഐസിസി പുരുഷ താരമാവാനുള്ളവരുടെ ചുരുക്ക പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

click me!