
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും ഏകദിന ചാമ്പ്യന്‍ഷിപ്പായ റോയല്‍ ലണ്ടന്‍ കപ്പിലും മിന്നുന്ന പ്രകടനങ്ങളുമായി വാര്‍ത്ത സൃഷ്ടിക്കുകയാണ് ഓരോ ദിവസവും പൂജാര. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനായി നടത്തിയ റണ്‍വേട്ടയുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങുകയും ചെയ്തു.
ഇതിന് പിന്നാലെ നടന്ന റോയല്‍ ലണ്ടന്‍ കപ്പില്‍ വെടിക്കെട്ട് ബാറ്റിംഗുമായി മൂന്ന് സെഞ്ചുറികളാണ് പൂജാര സസെക്സിനായി അടിച്ചു കൂട്ടിയത്. ഈ സാഹചര്യത്തില്‍ പൂജാരയെ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നുവരെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
ഇതിനിടെ തന്‍റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് വിജയമേതെന്ന് തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ വന്‍മതില്‍ കൂടിയായ പൂജാര. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് പൂജാര ടെസ്റ്റ് കരിയരിലെ ഏറ്റവും മികച്ച വിജയമായി ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിലെ ജയം തെരഞ്ഞെടുത്തത്.
ഗാബ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 94 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായ പൂജാര രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് പേസര്‍മാരുടെ ആക്രമണത്തെ അതിജീവിച്ച് 211 പന്തില്‍ 56റണ്‍സടിച്ചിരുന്നു. ദേഹം ലക്ഷ്യമാക്കി പന്തെറിഞ്ഞ ഓസീസ് രേസര്‍മാരുടെ പല പന്തുകളും ദേഹത്തുകൊണ്ടിട്ടും പരിക്കേറ്റിട്ടും പ്രതിരോധിച്ചു നിന്ന പൂജാരയുടെ പോരാട്ടവീര്യത്തെ അന്ന് ക്രിക്കറ്റ് ലോകം കൈയടികളോടെയാണ് വിരവേറ്റത്.
ഗാബയില്‍ നടന്ന അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യനിലയിലായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും. വിരാട് കോലിയും മുന്‍നിര ബൗളര്‍മാരുമില്ലാതെ ഇറങ്ങിയ ഇന്ത്യ 1988നുശേഷം ഗാബയില്‍ തോൽവി അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴടക്കി പരമ്പര നേടുമെന്ന് ഇന്ത്യയുടെ കടുത്ത ആരാധകര്‍ പോലും വിശ്വസിച്ചിരുന്നില്ല.
ഈ കളിയാണെങ്കില്‍ ഏഷ്യാ കപ്പ് ടീമില്‍ സൂര്യകുമാറിന് പകരം പൂജാരയെ എടുത്താലും കുഴപ്പമില്ലെന്ന് ആരാധകര്‍
രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 89 റണ്‍സടിച്ച റിഷഭ് പന്തിന്‍റെ അവിശ്വസനീയ ബാറ്റിംഗിനൊപ്പം ശുഭ്‌മാൻ ഗില്ലിന്‍റെയും ചേതേശ്വര്‍ പൂജാരയുടെയും വാഷിംഗ്ടൺ സുന്ദറിന്‍റെയും പോരാട്ടവീര്യം കൂടി ചേര്‍ന്നപ്പോള്‍ നാലാം ഇന്നിംഗ്സില്‍ ഇന്ത്യ 329 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് ഐതിഹാസിക പരമ്പര നേട്ടം സ്വന്തമാക്കുകയായിരുന്നു.
ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റൻ വിരാട് കോലി ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങുകയും പരിക്കിനെത്തുടര്‍ന്ന് 11 പേരെ പോലും തികക്കാന്‍ പാടുപെടുകയും ചെയ്ത പരമ്പരയില്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.