
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്ത് 2027-ലെ ഏകദിന ലോകകപ്പ് വരെ തുടരാൻ താൽപര്യം പ്രകടിപ്പിച്ച് അജിത് അഗാർക്കർ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് അഗാർക്കർ തന്‍റെ കരാർ നീട്ടണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടത്. നിലവിൽ 2026 ജൂൺ വരെയാണ് ചീഫ് സെലക്ടര്‍ സ്ഥാനത്ത് അഗാര്‍ക്കറുടെ കാലാവധി. 2023-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി ചുമതലയേറ്റ അഗാർക്കറിന് കീഴിൽ ഇന്ത്യ തുടർച്ചയായ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും(2024, 2026) ഐസിസി ചാമ്പ്യൻസ് ട്രോഫി (2025) കിരീടവും നേടിയിരുന്നു. ഇതിന് പുറമെ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ ഏഷ്യാ കപ്പില്‍ രണ്ട് തവണ (2023, 2025) ചാമ്പ്യൻമാരായി.
2024ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷം രോഹിത് ശര്‍മ വിരമിച്ചതോടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനായി നിയമിച്ചത് അഗാർക്കറെടുത്ത ധീരമായ തീരുമാനമായിരുന്നു. രോഹിത് ശർമ്മ, വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുതിർന്ന താരങ്ങളുടെ വിരമിക്കലിന് ശേഷം ടീമിനെ പുതിയൊരു യുഗത്തിലേക്ക് നയിക്കുന്നതിലും അഗാർക്കർ നിർണ്ണായക പങ്കുവഹിച്ചു. 2026ലെ ടി20 ലോകകപ്പിന് മുമ്പ് അക്സര്‍ പട്ടേലിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടി20 വൈസ് ക്യാപ്റ്റനാക്കിയ തീരുമാനം തിരിച്ചടിച്ചെങ്കിലും ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഗില്ലിനെ പുറത്തിരുത്താനും രണ്ട് വര്‍ഷമായി ടീമിലില്ലാതിരുന്ന ഇഷാൻ കിഷനെ ഉൾപ്പെടുത്താനും അഗാര്‍ക്കര്‍ എടുത്ത തീരുമാനം ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.
ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി എത്തിയ ശേഷവും അഗാർക്കറുമായി മികച്ച ഏകോപനത്തിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ കിരീട നേട്ടങ്ങൾ അഗാർക്കർക്ക് സമർപ്പിക്കുന്നുവെന്ന് ഗംഭീർ അടുത്തിടെ പ്രതികരിച്ചിരുന്നു. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തിയെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവരോടേറ്റ പരമ്പര തോൽവികൾ അഗാർക്കർക്ക് തിരിച്ചടിയായിരുന്നു. എങ്കിലും, വൈറ്റ് ബോൾ ക്രിക്കറ്റിലെ ടീമിന്‍റെ അപ്രമാദിത്വം കണക്കിലെടുത്ത് ബിസിസിഐ കരാർ നീട്ടുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ നീട്ടണമെന്ന അഗാർക്കറുടെ അപേക്ഷയിൽ പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രഗ്യാൻ ഓജ, ആർ.പി. സിങ്, അജയ് രത്ര, ശിവ് സുന്ദർ ദാസ് എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!