അര്‍സാന്‍ നാഗ്വസ്വല്ല ചില്ലറക്കാരനല്ല; പ്രത്യേക കഴിവ് വെളിപ്പെടുത്തി പരിശീലകന്‍

By Web TeamFirst Published May 11, 2021, 11:51 AM IST
Highlights

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായി ഇടംപിടിച്ചയാളാണ് ഇടംകൈയന്‍ പേസറായ അര്‍സാന്‍ നാഗ്വസ്വല്ല. 

ബറോഡ: ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമില്‍ റിസര്‍വ് താരമായി ഇടംപിടിച്ച താരമാണ് ഗുജറാത്തില്‍ നിന്നുള്ള ഇടംകൈയന്‍ പേസര്‍ അര്‍സാന്‍ നാഗ്വസ്വല്ല. ഇതുവരെ ഐപിഎല്ലില്‍ കളിക്കാത്ത, ആഭ്യന്തര ക്രിക്കറ്റിന് പുറത്തേക്ക് അധികമാരും അറിയാത്ത താരം അതീക്ഷിതമായാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചത്. അര്‍സാന്‍റെ ഏറ്റവും മികച്ച കഴിവ് എന്താണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല്യകാല പരിശീലകന്‍ 

'പതിമൂന്ന് വയസുള്ളപ്പോഴാണ് അര്‍സാന്‍ എന്‍റെ അടുക്കല്‍ എത്തുന്നത്. അറിയാനുള്ള താല്‍പര്യമാണ് മറ്റുള്ളവരില്‍ നിന്ന് അര്‍സാനെ വ്യത്യസ്തനാക്കുന്നത്. പ്രാക്‌ടീസിന് ഞാനില്ലാത്ത സമയത്ത് എന്നെ വിളിക്കുകയും വരാന്‍ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്യും. സ്വയം തയ്യാറാക്കിയ വിക്കറ്റിലാണ് ഞങ്ങള്‍ പരിശീലനം നടത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരതയോടെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നു. എല്ലാ ഫോര്‍മാറ്റിലും വിക്കറ്റ് എടുക്കാനാവുന്നു. സ്വിങ്ങാണ് അവന്‍റെ കരുത്ത്. അത് സെലക്‌ടര്‍ ശ്രദ്ധിച്ചിട്ടുണ്ടാവണം' എന്നും കിരണ്‍ ടാണ്ടെല്‍ ക്രിക്കറ്റ് നെസ്റ്റിനോട് പറഞ്ഞു. 

ഐപിഎല്ലിൽ ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കാൻ ഇം​ഗ്ലണ്ടിന്റെ പ്രമുഖരുണ്ടാവില്ലെന്ന് സൂചന

ഗുജറാത്ത് സീനിയര്‍ ടീമിനായി 2018ലാണ് അര്‍സാന്‍ നാഗ്വസ്വല്ല അരങ്ങേറ്റം കുറിച്ചത്. ഇടംകൈയൻ പേസറായ അർസാൻ 16 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ എട്ട് കളിയിൽ 41 വിക്കറ്റാണ് 23കാരൻ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ നെറ്റ്സ് ബൗളറായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഫീല്‍ഡിംഗിലും സ്‌പോട്ട് ബൗളിംഗിലും ദിവസേന ഒരു മണിക്കൂര്‍ പരിശീലനം നടത്താനുള്ള തയ്യാറെടുപ്പിലാണ് നാഗ്വസ്വല്ലയും പരിശീലകനും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!