ലണ്ടൻ: കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് മാറ്റിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാൻ ഇം​ഗ്ലണ്ടിന്റെ പ്രമുഖ താരങ്ങളുണ്ടാവില്ലെന്ന് സൂചന നൽകി ഇം​ഗ്ലണ്ട് ടീമിന്റെ മാനേജിം​ഗ് ഡയറക്ടറായ ആഷ്ലി ജൈൽസ്. സെപ്റ്റംബറിൽ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുകയാണെങ്കിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി കരാറുള്ള കളിക്കാർക്ക് ഐപിഎല്ലിൽ പങ്കെടുക്കാനാവില്ലെന്നും ജൈൽസ് ക്രിക്ക് ഇൻഫോയോട് പറഞ്ഞു.

മുൻ നിശ്ചയപ്രകാരം സെപ്റ്റംബറിൽ ഇം​ഗ്ലണ്ട് ടീം, പാക്കിസ്ഥാൻ, ബം​ഗ്ലാദേശ് പര്യടനങ്ങൾക്കായി പോവുന്നുണ്ട്. ഈ പരമ്പരകൾ നടക്കുകയാണെങ്കിൽ ഇം​ഗ്ലണ്ട് താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാനാവില്ലെന്നും ജൈൽസ് പറഞ്ഞു. ഇതിന് പുറമെ ന്യൂസിലൻഡിനെതിരായ പരമ്പരയും ടി20 ലോകകപ്പും ആഷസും അടക്കമുള്ള പരമ്പരകൾ ഇംഗ്ലണ്ടിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ഐപിഎല്ലിൽ കളിക്കുക അസാധ്യമായിരിക്കുമെന്നും ജൈൽസ് വ്യക്തമാക്കി.

ഓ​ഗസ്റ്റിൽ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇം​ഗ്ലണ്ട് കളിക്കുന്നുണ്ട്. അതേസമയം, ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ഇം​ഗ്ലണ്ട് വേദിയാവുകയാണെങ്കിൽ ഇം​ഗ്ലീഷ് താരങ്ങൾ പങ്കെടുക്കാനുള്ള സാധ്യത തെളിയും.

ഇം​ഗ്ലണ്ട് താരങ്ങൾ വിട്ടുനിന്നാൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാവുക മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാവും. ഇം​ഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ, ജോഫ്ര ആർച്ചർ എന്നിവരും സേവനം രാജസ്ഥാന് നഷ്ടമാവും. പരിക്കിനെത്തുടർന്ന് ആർച്ചറെയും സ്റ്റോക്സിനെയും സീസൺ തുടക്കത്തിലെ രാജസ്ഥാന് നഷ്ടമായിരുന്നു. ഇം​ഗ്ലണ്ട് താരങ്ങൾ വിട്ടുനിന്നാൽ കൊൽക്കത്തയെ ഓയിൻ മോർ​ഗന് പകരം ആര് നയിക്കുമെന്നതും പ്രസക്തമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona