ക്രിസ് ഗെയ്‌ലെന്ന വൻമരവും വീണു, 29 പന്തിൽ 97 റൺസുമായി വൈഭവ് സൂര്യവംശിയുടെ 'ആറാട്ട്; സർവ്വകാല റെക്കോർഡ്

Published : May 27, 2026, 08:36 PM ISTUpdated : May 27, 2026, 08:40 PM IST
Vaibhav Sooryavanshi's Records

Synopsis

ക്രിസ് ഗെയ്‌ലിന്‍റെ തന്നെ പേരിലുള്ള ഐപിഎല്ലിലെ അതിവേഗ സെഞ്ചുറി(30 പന്തില്‍)ക്ക് തൊട്ടരിരികെയാണ് വൈഭവ് പുറത്തായത്.

ജയ്പൂർ: ഐപിഎല്ലില്‍ റെക്കോർഡുകൾ ഒന്നിനുപുറകെ ഒന്നായി തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 12 സിക്സുകള്‍ പറത്തി 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഐപിഎല്ലിലെ തന്‍റെ രണ്ടാമത്തെ മാത്രം സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 65 സിക്സുകള്‍ പറത്തിയാണ് വൈഭവ് 2012ലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി 59 സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്‌ലിന്‍റെ റെകക്കോർഡ് മറികടന്നത്.

ക്രിസ് ഗെയ്‌ലിന്‍റെ തന്നെ പേരിലുള്ള ഐപിഎല്ലിലെ അതിവേഗ സെഞ്ചുറി(30 പന്തില്‍)ക്ക് തൊട്ടരിരികെയാണ് വൈഭവ് പുറത്തായത്. 28 പന്തില്‍ 97 റണ്‍സിലെത്തിയ വൈഭവ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തില്‍ 29 പന്തില്‍ 97 റണ്‍സടിച്ച് പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ തേര്‍ഡ് മാനില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കി മടങ്ങി. 12 സിക്സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു വൈഭവ് വെടിക്കെട്ട്. വൈഭവിന്‍റെ മിന്നല്‍ പ്രകടനത്തിന്‍റെ കരുത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ പവര്‍ പ്ലേയില്‍ 80 റണ്‍സടിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 8 ഓവറില്‍ 125 റണ്‍സെടുത്തു.

 

നേരത്തെ ഒരു ഐപിഎൽ സീസണിൽ 50 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന ചരിത്രനേട്ടം സ്വന്തം പേരിലാക്കിയിരുന്ന വൈഭവിന് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ ഗെയ്‌ലിനെ മറികടക്കാന്‍ ഏഴ് സിക്സുകളായിരുന്നു വേണ്ടിയിരുന്നത്. പാറ്റ് കമിന്‍സ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് വൈഭവ് സിക്സര്‍ വേട്ട തുടങ്ങിയത്. രണ്ടാം ഓവറില്‍ ഇഷാന്‍ മലിംഗക്കെതിരെയും വൈഭവ് സിക്സര്‍ നേടി. മൂന്നാം ഓവറില്‍ പാറ്റ് കമിന്‍സിനെ ഹാട്രിക് സിക്സര്‍ പറത്തിയ വൈഭവ് തൊട്ടടുത്ത ഓവറില്‍ സാക്കിബ് ഹുസൈനെ സിക്സിന് പറത്തി ഗെയ്‌ലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. അതേ ഓവറില്‍ വീണ്ടുമൊരു സിക്സര്‍ കൂടി നേടി ഗെയ്‌ലിനെ പിന്നിലാക്കി ചരിത്രനേട്ടം കുറിച്ചു.

 

പിന്നാലെ സാക്കിബിനെ വീണ്ടും സിക്സറിന് പറത്തി 16 പന്തില്‍ സീസണിലെ അഞ്ചാം അര്‍ധസെഞ്ചുറി തികച്ചു. 8 സിക്സുകള്‍ അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ അര്‍ധസെഞ്ചുറി. ഐപിഎല്‍ നോക്കൗട്ട് ഘട്ടത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന സുരേഷ് റെയ്നയുടെ റോക്കോര്‍ഡിനൊപ്പമെത്തിയ വൈഭവ് പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 8 സിക്സുകളാണ് ഇന്ന് പവര്‍ പ്ലേയില്‍ മാത്രം വൈഭവ് പറത്തിയത്. 2008ല്‍ ചെന്നൈക്കെതിരെ മുംബൈക്കായി 7 സിക്സുകള്‍ പറത്തിയ സനത് ജയസൂര്യയെ ആണ് വൈഭവ് പിന്നിലാക്കിയത്.

ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സറുകൾ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍‍ഡും വൈഭവ് ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ലീഗ് ഘട്ടത്തില്‍ 37 പന്തിൽ 103 റൺസ് നേടിയ വൈഭവ് 12 സിക്സറുകൾ പറത്തിയായിരുന്നു റെക്കോർഡിട്ടത്. അര്‍ധസെഞ്ചുറിക്ക് ശേഷവും സിക്സര്‍ വേട്ട തുടര്‍ന്ന വൈഭവ് ഇതുവരെ കളിച്ച 15 മത്സരങ്ങളിൽ നിന്നായി 680 റൺസ് നേടി ടൂർണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും(490) വൈഭവ് സ്വന്തമാക്കി. 2016ല്‍ 467 റണ്‍സടിച്ച ഹൈദരാബാദിന്‍റെ ഡേവിഡ് വാര്‍ണറെ ആണ് വൈഭവ് ഇന്ന് പിന്നിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എലിമിനേറ്ററിൽ ആദ്യ ജയം ഹൈദരാബാദിന്, രാജസ്ഥാനെതിരെ നിർണായക ടോസ് നേടി പാറ്റ് കമിൻസ്; ഇരു ടീമിലും മാറ്റം
ഐസിസി ടെസ്റ്റ് റാങ്കിംഗ്: പാകിസ്ഥാനെ തകർത്ത് വന്‍ കുതിപ്പുമായി ബംഗ്ലാദേശ്, ഇന്ത്യയുടെ സ്ഥാനത്തിന് ഇളക്കമില്ല