ഒരു എക്സ് ഫാക്ടറില്ലാതെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില് സര്വൈവ് ചെയ്യാൻ ഇന്ത്യൻ ബൗളര്മാര്ക്ക് സാധിക്കില്ലെ?
ടി20 ഫോര്മറ്റില് ഇന്ത്യയുടെ ഏക ബൗളിങ് സ്ട്രാറ്റര്ജി ജസ്പ്രിത് ബുമ്രയാണോ. ലക്നൗ, റാഞ്ചി, ഇൻഡോര്, ഹൈദരാബാദ്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ നാല് ടി20കളില് ഇന്ത്യൻ ബൗളര്മാര് വഴങ്ങിയത് 879 റണ്സാണ്. എക്കോണമി 11.35. റാഞ്ചിയില് 250 റണ്സ് പ്രതിരോധിക്കാനാകാതെ പോയപ്പോള് ഹൈദരാബാദില് 247 റണ്സ് വിട്ടുനല്കുകയും ചെയ്തു. ഒരു എക്സ് ഫാക്ടറില്ലാതെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില് സര്വൈവ് ചെയ്യാൻ ഇന്ത്യൻ ബൗളര്മാര്ക്ക് സാധിക്കില്ലെ?
Attack is the best form of defence എന്ന് പറയാറുണ്ട്. 2024 ടി20 ലോകകപ്പിന് ശേഷം, കൃത്യമായി പറഞ്ഞാല് ഗൗതം ഗംഭീര് - സൂര്യകുമാര് യാദവ് - ശ്രേയസ് അയ്യര് കാലഘട്ടത്തില്. ഫോര്മാറ്റിലെ ഇന്ത്യയുടെ സമീപനം നോക്കിയാല് അറ്റാക്കിങ്ങിനാണ് മുൻതൂക്കം, അതായത് റണ്സിന്റെ ഫ്ലോ വിക്കറ്റുകള് വീഴ്ത്തി തടയുക എന്നത്. ഹൈ സ്കോറിങ്ങ് പിച്ചുകളില് 2026 ടി20 ലോകകപ്പ് കിരീടം ഉയര്ത്തിയതും ഇങ്ങനെ തന്നെയാണ്. പക്ഷേ, അവിടെ ഒരു വ്യത്യാസമുണ്ടായിരുന്നു, ബുമ്രയുടെ നാല് ഓവറുകള്.
എന്നാല്, ബുമ്രയുടെ സാന്നിധ്യമില്ലാത്തപ്പോള് ഇതേ തന്ത്രം വിജയിക്കാതെ പോകുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിൻഡീസിനെതിരായ പരമ്പര. ഇന്ത്യയുടെ ബൗളിങ് യൂണിറ്റ് പരിശോധിക്കുകയാണെങ്കില് യഥാര്ത്ഥത്തില് നാല് പ്രോപ്പര് ബൗളര്മാരാണുള്ളത്. ഹൈദരാബാദ് ടി 20 എടുത്താല് അര്ഷദീപ് സിങ്, മായങ്ക് യാദവ്, പ്രിൻസ് യാദവ്, അക്സര് പട്ടേല്, നമൻ ധീര്, നിതീഷ് കുമാര് റെഡ്ഡി. ഇന്ത്യയുടെ ഫിഫ്ത്ത് ബൗളിങ് ഓപ്ഷൻ എന്ന് പറയുന്നത് നമനോ നിതീഷോ ആണ്.
ഇരുവരും വെല് എസ്റ്റാബ്ലിഷ്ഡായ ഓള് റൗണ്ടര്മാരുമല്ല. നമന് ലഭിക്കുന്ന വിക്കറ്റുകളെല്ലാം മെല്പ്പറഞ്ഞ തന്ത്രത്തില് നിന്നാണ്, റണ്സ് എത്ര വഴങ്ങിയാലും അറ്റാക്കിങ് തുടരുക, വിക്കറ്റ് വീഴുന്നതുവരെ. പരമ്പരയിലെ നമന്റെ വിക്കറ്റുകളെടുത്താല്, ഒന്നുകില് ഒന്നോ രണ്ടോ ബൗണ്ടറികള്ക്ക് ശേഷമായിരിക്കും ലഭിച്ചിട്ടുണ്ടാകുക. നിതീഷാകട്ടെ ഒരു വിക്കറ്റ് ടേക്കിങ് ത്രെട്ടെന്ന് തോന്നിക്കുന്ന പ്രകടനം ഒരു ഫോര്മാറ്റിലും ഇതുവരെ പുറത്തെടുത്തിട്ടുമില്ല.
അര്ഷദീപിനേയും അക്സറിനേയും മാറ്റി നിര്ത്തിയാല്, പ്രിൻസും മായങ്കും. പരിചയസമ്പത്ത് താരതമ്യേന കുറവാണെങ്കിലും മായങ്കിന്റെ റൊ പേസും പ്രിൻസിന്റെ യോര്ക്കറുകള് എറിയാൻ കഴിയുന്ന എബിലിറ്റിയുമാണ് ടീമിലേക്ക് എത്തിച്ചത്. ബാക്ക് ഓഫ് ദ ലെങ്തിലാണ് മായങ്കിന് കൂടുതലായു സക്സസ് ലഭിക്കുന്നത്. മായങ്ക് പേസ് വേരിയേഷൻസ് വരുത്തുമ്പോള് ബാറ്റര്മാര്ക്ക് എളുപ്പം സ്കോര് ചെയ്യാൻ കഴിയുന്നുണ്ട്, 145 റേഞ്ച് ക്ലിക്ക് ചെയ്യുമ്പോള് ലെങ്ത് മിസായാലും സമാനമാണ് സ്ഥിതി.
പ്രിൻസിന്റെ യോര്ക്കര് ശ്രമങ്ങള് പലപ്പോഴും സ്ലോട്ട് ബോളില് അവസാനിക്കുകയും വിൻഡീസ് ബാറ്റര്മാര് അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. കുല്ദീപ് യാദവ്, അല്ലെങ്കില് അര്ഷദീപിനെപ്പോലെ വിക്കറ്റ് ടേക്കിങ് ബൗളര്മാര്ക്ക് ഓഫ് ഡെ സംഭവിച്ചാല് ഇന്ത്യക്കൊരു പ്ലാൻ ബി നിലവില് ഇല്ല. വിൻഡീസ് പരമ്പരയില് വിക്കറ്റെടുത്ത ഇന്ത്യൻ ബൗളര്മാരില് എക്കോണമി പത്തില് താഴെയുള്ളത് പ്രിൻസിന് മാത്രമാണ്, അതും 9.2 ആണ്. ഒരു ഹൈ സ്കോറിങ് സീരീസില് അക്സപ്റ്റബിളായുള്ള നമ്പറുകള്.
എന്നാല്, വിൻഡീസ് നിരയിലേക്ക് നോക്കിയാല് റോസ്റ്റൻ ചേസ്, കീമോ പോള്, ഗുദകേഷ് മോത്തി എന്നിവരെ കാണാം പത്തില് താഴെ എക്കോണമിയുള്ളവരെ. മോത്തിയുടേത് ഒൻപതിലും താഴെയാണ്. എന്തുകൊണ്ട് ഇന്ത്യൻ ബൗളര്മാര് കൂടുതല് റണ്സ് വഴങ്ങുകയും വിക്കറ്റുകള് കുറവ് വീഴ്ത്തുകയും ചെയ്യുന്നു. അതിന് ഉത്തരം തേടുമ്പോള് ബുമ്രയിലേക്ക് തന്നെയാണ് എത്തുന്നത്. ഇന്നിങ്സിന്റെ മിഡില് ഫേസില് ബുമ്രയുടെ ഒന്നോ രണ്ടോ ഓവര് കൊണ്ട് ലഭിക്കുന്ന ഇംപാക്റ്റ്.
റണ് റേറ്റ് 12ല് പോകുന്ന ഒരു ഫേസില് ബുമ്ര വരുന്നു, ബൗണ്ടറി നല്കാതെ ഒരു ടൈറ്റ് ഓവര് എറിയുകയാണ്. ഇത് ബാറ്റര്മാര്ക്ക് നല്കുന്ന സമ്മര്ദം ചെറുതായിരിക്കില്ല, അടുത്ത ഓവറില് അവരെ ഒരു മിസ്റ്റേക്കിലേക്ക് നയിക്കാൻ കെല്പ്പുള്ള സമ്മര്ദം. ഒരു ക്വാളിറ്റി ഓവര് പിന്നാലെ വന്നാല് വിക്കറ്റ് വീഴുകയും റണ്സിന്റെ ഫ്ലോ ഇല്ലാതാകുകയും ചെയ്യും. 2026ല് ബുമ്ര ഭാഗമായ 18 ടി20 കളില് ഇന്ത്യ നേടിയത് 111 വിക്കറ്റാണ്, ഇല്ലാതെ 73 മാത്രം. എക്കോണമിയിലും ഇത് പ്രകടമാണ്.
ഈ സാഹചര്യത്തില് ബാറ്റര്മാരെല്ലാം ഫോമില് തുടരുമ്പോഴും ഇന്ത്യ ഫിഫ്ത്ത് ബൗളിങ് ഓപ്ഷനായി എന്തുകൊണ്ട് രണ്ട് ഓള് റൗണ്ടര്മാരെ ഉപയോഗിക്കുന്നുവെന്നതാണ് ചോദ്യം. ബാറ്റര്മാരെ ട്രസ്റ്റ് ചെയ്ത് ഒരു ബൗളറെക്കൂടി ടീമിലേക്ക് ചേര്ക്കുകകയല്ലെ വേണ്ടത്. പക്ഷേ, അതിന് തയാറാകുന്നില്ല. ഹാര്ദിക്ക് പാണ്ഡ്യയുടേയും ബുമ്രയുടേയും അഭാവം നികത്താനുള്ള ഈ തന്ത്രമാകട്ടെ ഇന്ത്യയെ നയിക്കുന്നത് തോല്വികളിലേക്കും.


