
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സിന് അവിശ്വസനീയ ജയം സമ്മാനിച്ച മുകുൾ ചൗധരി ഐപിഎല്ലിലെ പുത്തന്‍ താരോദയമാകുമ്പോൾ യുവതാരത്തെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലുമായി ലക്നൗ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഏഴാമനായി ബാറ്റിംഗിനിറങ്ങിയ മുകുൾ തുടക്കത്തിൽ പതറുന്ന കാഴ്ചയാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. ഒരു ഘട്ടത്തിൽ 8 പന്തിൽ വെറും 2 റൺസ് എന്ന നിലയിലായിരുന്നു മുകുള്‍. അവസാന 3 ഓവറിൽ ലക്നൗവിന് ജയിക്കാൻ 43 റൺസ് വേണമെന്നിരിക്കെ മുകുൾ ഗിയർ മാറ്റി. കൃത്യമായ പ്ലാനിംഗോടെ സിക്സറുകൾ പറത്തിയ താരം ലക്ഷ്യം അവസാന രണ്ട് പന്തിൽ 7 റൺസ് എന്ന നിലയിലെത്തിച്ചു.
അഞ്ചാം പന്തിൽ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സര്‍ പറത്തിയ മുകുള്‍ ലക്നൗ ക്യാമ്പിനെ ആവേശത്തിലാഴ്ത്തി. അവസാന പന്തിൽ ബൈ റണ്ണിലൂടെ ജയമുറപ്പിച്ച മുകുൾ ലക്നൗവിന്‍റെ പുതിയ ഹീറോയായി മാറി. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു പരിശീലന ക്യാമ്പിലാണ് മുകുളിനെ ആദ്യമായി കാണുന്നതെന്ന് ലക്നൗ പരിശീലകൻ ജസ്റ്റിന്‍ ലാംഗര്‍ മത്സരശേഷം പറഞ്ഞു. ഞങ്ങളുടെ ഡാറ്റാ അനലിസ്റ്റ് ശ്രീനിവാസാണ് ഇവന്‍റെ കാര്യത്തിൽ ഏറെ നിർബന്ധം പിടിച്ചത്. കോച്ച്, നമുക്ക് ഈ പയ്യനെ എങ്ങനെയായാലും ടീമിലെടുക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് താരലേലത്തിൽ ലക്നൗ മുകുളിനെ വിളിക്കുന്നതെന്നും ലാംഗര്‍ വ്യക്തമാക്കി.
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ കടുത്ത മത്സരത്തിനൊടുവിൽ 2.6 കോടി രൂപയ്ക്കാണ് ലക്നൗ സ്വന്തമാക്കിയത്. മുകുളിന്‍റെ കായികക്ഷമതയെയും മത്സരബുദ്ധിയെയും ജസ്റ്റിൻ ലാംഗർ പ്രശംസിച്ചു. വിക്കറ്റുകൾക്കിടയിലുള്ള മുകുളിന്‍റെ ഓട്ടം വിരാട് കോലിയെപ്പോലെ അതീവ വേഗതയുള്ളതാണെന്ന് ലാംഗർ പറഞ്ഞു. വെറും 22 വയസ്സുകാരനാണെങ്കിലും 300 മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനെപ്പോലെയാണ് അവൻ കളിയെക്കുറിച്ച് സംസാരിക്കുന്നത്. ടിം ഡേവിഡ്, ആന്ദ്രെ റസ്സൽ എന്നിവരെപ്പോലെ കളി ഫിനിഷ് ചെയ്യാനുള്ള അതിയായ ആഗ്രഹം മുകുളിനുണ്ട്. അവന്‍റെ കണ്ണുകളിൽ ആ വിജയദാഹം കാണാമെന്നും ലാംഗര്‍ വ്യക്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത കെകെആർ 181 റൺസാണ് എടുത്തത്. അവസാന നാല് ഓവറിൽ 64 റൺസ് വേണമെന്നിരിക്കെ ലക്നൗ പരാജയപ്പെടുമെന്ന് താൻ കരുതിയിരുന്നതായി ലാംഗർ സമ്മതിച്ചു. മത്സരം തോറ്റാൽ കളിക്കാരോട് എന്ത് പറയണം എന്ന് ഞാൻ കുറിച്ചുവെയ്ക്കുക പോലും ചെയ്തിരുന്നു. എന്നാൽ ഈ 22-കാരൻ ഉത്തരവാദിത്തം ഏറ്റെടുത്തു, എന്തൊരു പ്രകടനമായിരുന്നു അത്- ലാംഗർ പറഞ്ഞു. രാജസ്ഥാനിൽ നിന്നുള്ള മുകുള്‍ ചൗധരി എം.എസ് ധോണിയെയാണ് തന്‍റെ മാതൃകയായി കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!