
കൊളംബോ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മഴ ഭീഷണി. ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തില്‍ പകല്‍ 70-90 ശതമാനം മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
'അക്യുവെതർ' പ്രവചനപ്രകാരം ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കും കൊളംബോയിൽ 93 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കാമെങ്കിലും, ഇടയ്ക്കിടെയുള്ള മഴ കളി തടസ്സപ്പെടുത്താനോ മത്സരം വൈകിപ്പിക്കാനോ സാധ്യതയുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമേകുന്ന ഒരു വാര്‍ത്തയും കാലാവസ്ഥാ വകുപ്പ് നല്‍കുന്നുണ്ട്. മത്സരസമയത്ത് മഴ പെയ്യാനുള്ള സാധ്യതയില്ലെന്നും പക്ഷെ ആകാശം മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം.
ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ അത്യാധുനിക സംവിധാനങ്ങളം ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. കനത്ത മഴ പെയ്താലും മൈതാനം മുഴുവനായി മൂടാനുള്ള കവറുകൾ പ്രേമദാസ സ്റ്റേഡിയത്തില്‍ ലഭ്യമാണ്. അതിനാൽ മഴ മാറിയാൽ വെറും 20 മിനിറ്റിനുള്ളിൽ കളി പുനരാരംഭിക്കാൻ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കുമെന്നതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം. മഴമൂലം കളി ഉപേക്ഷിച്ചാല്‍ മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ ഇരു ടീമുകളും പോയന്‍റ് പങ്കിടും. 5 ഓവര്‍ വീതമെങ്കിലും മത്സരം സാധ്യമാണെങ്കില്‍ മാത്രമെ മത്സരത്തിന് ഫലമുണ്ടാകു.
കാലാവസ്ഥയ്ക്ക് പുറമെ ടീം ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നം ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. വയറിലെ അണുബാധയെത്തുടർന്ന് രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്ന അഭിഷേകിന് നമീബിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. അഭിഷേകിന് ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ടോസിന് മുമ്പ് മാത്രെ തീരുമാനം വരാനിടയുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!