
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ കുടുംബം ക്രിക്കറ്റുമായി ബന്ധമില്ലാത്ത കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമായല്ല. 2016ലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജ മുതിര്‍ കോണ്‍ഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ മകളും മെക്കാനിക്കല്‍ എഞ്ചിനീയറുമായ റിവാബയെ വിവാഹം കഴിക്കുന്നത്.
രവീന്ദ്ര ജഡേജയുടെ കുടുംബവും കോണ്‍ഗ്രസ് പശ്ചാലത്തമുള്ളവരും ജഡേജയുടെ സഹോദരി നയ്നാബ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ്. എന്നാല്‍ 2018ല്‍ റിവാബ സമുദായ സംഘടനയായ രജ്പുത് കര്‍ണി സേനയുടെ ഗുജറാത്ത് ഘടകത്തിന്‍റെ വനിതാ അധ്യക്ഷയായതോടെ ജഡേജയുടെയും റിവാബയുടെയും കുടുംബം ഒരുപോലെ ഞെട്ടി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പദ്മാവതിനെതിരെയും ദീപിക പദുക്കോണിനെതിരെയുമെല്ലാം ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലുമെല്ലാം പ്രതിഷേധിച്ചത് കര്‍ണിസേനയുടെ നേതൃത്വത്തിലായിരുന്നു.
രവീന്ദ്ര ജഡേജയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് പിതാവ്, മറുപടി നല്‍കി ജഡേജ
പദ്മാവതിനെതിരെ 2018ല്‍ കര്‍ണി സേനയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്യവ്യാപക പ്രതിഷേധങ്ങളിലൂടെ റിവാബ ഭാവി നേതാവായി. 2019ല്‍ റിവാബ ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ സഹോദരി നെയ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജപുത്രര്‍ക്കിടയില്‍ റിവാബയ്ക്കുള്ള സ്വാധീനം കണക്കിലെടുത്ത് റിവാബയെ ബിജെപി നോര്‍ത്ത് ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയാക്കി.
നിലവിലെ എം എല്‍ എ ആയിരുന്ന ബിപേന്ദ്ര സിങ് ജഡേജയെ തഴഞ്ഞാണ് ബിജെപി റിവാബയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിപേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി. നോര്‍ത്ത് ജാംനഗറില്‍ റിവാബക്കെതിരെ മത്സരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിപേന്ദ്ര സിംഗ് ജഡേജയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വൻ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചു കയറിയത്. റിവാബക്ക് 88,835 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമത് എത്തി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കര്‍ഷന്‍ബായ് കാര്‍മുറിന് 35,265 വോട്ടുകളും ബിപേന്ദ്ര സിങ് ജഡേജക്ക് 23, 274 വോട്ടുകളും മാത്രമാണ് ലഭിച്ചത്.
സിറ്റിംഗ് എംഎല്‍എയെ അട്ടിമറിച്ച് വന്‍ വിജയം നേടിയതോടെ റിവാബ ഗുജറാത്തില്‍ ബിജെപിയുടെ തിളങ്ങുന്ന മുഖങ്ങളിലൊന്നാവുകയും ചെയ്തു. വളരെ ഫാഷനിബിളായി വസ്ത്രം ധരിച്ചിരുന്ന റിവാബ രാഷ്ട്രിത്തിലിറങ്ങിയതോടെ വസ്ത്രധാരണത്തിലും മാറ്റം വരുത്തി. സാരി കൊണ്ട് തല മറച്ചല്ലാതെ റിവാബയെ പൊതുവേദികളില്‍ കാണാറില്ല. 1990ല്‍ രാജ്കോട്ടില്‍ ജനിച്ച റിവാബ രാജ്കോട്ടിലെ ആത്മീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദമെടുത്തശേഷം 2016ലാണ് രവീന്ദ്ര ജഡേജയെ വിവാഹം കഴിക്കുന്നത്. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബങ്ങള്‍ എന്നതും ഇരുവരുടെയും വിവാഹത്തിന് കാരണമായിരുന്നു.
എന്നാല്‍ വിവാഹശേഷം തന്‍റെ രാഷ്ട്രീയ മോഹങ്ങള്‍ വ്യക്തമാക്കിയ റിവാബയുടെ നിലപാട് ജഡേജയുടെ മാതാപിതാക്കള്‍ക്ക് അംഗീകരിക്കാനാവാഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അന്നുമുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ജഡേജയുടെ പിതാവിന്‍റെ തുറന്നു പറച്ചിലിലൂടെ ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!