
ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ കിരീടം സമ്മാനിക്കുമ്പോള്‍ ടൂര്‍ണെമന്‍റിന്‍റെ ആതിഥേയരായ പാകിസ്ഥാന്‍റെ പ്രതിനിധികളാരും വേദിയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദം. കിരീടം നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് മെഡലുകളും ട്രോഫിയും സമ്മാനിക്കുമ്പോഴും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും സെക്രട്ടറി ദേവ്ജ് സൈക്കിയയും ഐസിസി ചെയര്‍മാൻ ജയ് ഷായും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഡയറക്ടര്‍ റോജര്‍ ട്വോസും മാത്രമാണ് വേദിയിലുണ്ടായിരുന്നത്.
പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവും ടൂര്‍ണമെന്‍റ് ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് സ്ഥലത്തുണ്ടായിട്ടും വേദിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് കാരണമായത്. പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഫൈനല്‍ കാണാനായി ദുബായിലേക്ക് വന്നിരുന്നില്ല. പകരം പാക് ബോര്‍ഡ് സിഇഒയെ ഫൈനലിനായി ദുബായിലേക്ക് അയക്കുകയായിരുന്നു. ആശയക്കുഴപ്പം മൂലമാകാം പാക് പ്രതിനിധിയെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
സമാപനച്ചടങ്ങ് നടത്തിപ്പിന്‍റെ ചുമതലയുള്ളവരോട് കൃത്യമായി ആശയവിനിമയം നടത്താത്തിനാലാകാം പിസിബി സിഇഒയുടെ പേര് വിട്ടുപോയതെന്നാണ് ഐസിസി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയ രാജ്യമായിട്ടും ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ആയ സുമൈര്‍ അഹമ്മദിനെ വേദിയിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി സമ്മാനദാനം ഒരു ബിസിസിഐ പരിപാടിയാക്കിയെന്നാണ് പ്രധാന വിമര്‍ശനം. ആതിഥേയരായിട്ടും സമ്മാനദാനച്ചടങ്ങിലേക്ക് ആരെയും പാകിസ്ഥാന്‍ അയക്കാതിരുന്നതിനെ മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഐസിസി ചെയര്‍മാന്‍ ജയ് ഷാ ആണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കിരീടം സമ്മാനിച്ചത്. കളിക്കാര്‍ക്ക് നല്‍കുന്ന പരമ്പരാഗത വൈറ്റ് ജാക്കറ്റുകള്‍ ഇന്ത്യൻ താരങ്ങളെ അണിയിച്ചത് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!