കൊവിഡ് 19: വാർണർ ഐപിഎല്‍ കളിക്കുമോ; മറുപടിയുമായി മാനേജർ

By Web TeamFirst Published Mar 20, 2020, 6:16 PM IST
Highlights

ക്രിക്കറ്റ് ഓസ്‍ട്രേലിയ താരങ്ങളെ ഇന്ത്യയിലേക്ക് അയക്കില്ല എന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു

സിഡ്‍നി: കൊവിഡ് 19 ഐപിഎല്ലിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സീസണ്‍ തുടങ്ങേണ്ട തിയതി നീട്ടിവച്ചത് മാത്രമല്ല, വിദേശതാരങ്ങളുടെ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്. ക്രിക്കറ്റ് ഓസ്‍ട്രേലിയ താരങ്ങളെ ഇന്ത്യയിലേക്ക് അയക്കില്ല എന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഐപിഎല്‍ പ്രേമികള്‍ക്ക് ഒരു ആശ്വാസ വാർത്തയുണ്ട്. 

ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ ഇക്കുറി ഐപിഎല്ലില്‍ കളിക്കുമെന്ന് അദേഹത്തിന്‍റെ മാനേജർ വ്യക്തമാക്കി. സീസണ്‍ നടക്കുമെങ്കില്‍ വാർണർ കളിച്ചിരിക്കും എന്നാണ് അദേഹത്തിന്‍റെ വാക്കുകള്‍. സണ്‍റൈസേഴ്‍സ് ഹൈദരാബാദിന്‍റെ നായകനാണ് ഡേവിഡ് വാർണർ.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഓസീസ് താരങ്ങള്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 17 താരങ്ങളോട് ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രാദേശിക മാധ്യമത്തിന്‍റെ റിപ്പോർട്ട്. വാർണറെ കൂടാതെ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്‍മിത്ത്, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നീ സൂപ്പർ താരങ്ങള്‍ ഐപിഎല്ലിന് എത്തേണ്ടവരാണ്.

Read more: ഐപിഎല്ലില്‍ നിന്ന് സൂപ്പർ താരങ്ങളോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടേക്കും: റിപ്പോർട്ട്

ഐപിഎല്‍ പതിമൂന്നാം സീസണ്‍ എപ്പോള്‍ തുടങ്ങും എന്ന കാര്യത്തിന് ഇപ്പോള്‍ വ്യക്തതയില്ല. മാർച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. സീസണിലെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!