ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് വൈഭവ് സൂര്യവന്‍ഷിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
ബുലവായോ: അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക സൂപ്പര്‍ സിക്സ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന നിലയിലാണ്. 61 റണ്‍സോടെ വേദാന്ത് ത്രിവേദിയും 13 റണ്‍സോചെ അംബ്രീഷും ക്രീസില്‍.
16 റണ്‍സെടുത്ത മലയാളി താരം ആരോണ്‍ ജോര്‍ജ് 30 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷി, റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ ആയുഷ് മാത്രെ(0), 21 റണ്‍സെടുത്ത വിഹാന്‍ മല്‍ഹോത്ര, 16 റണ്‍സെടുത്ത അഭിഗ്യാന്‍ കുണ്ടു എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് സയ്യാം രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് വൈഭവ് സൂര്യവന്‍ഷിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാല് പന്തുകള്‍ക്കിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. സയ്യാം എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തില്‍ വൈഭവ് വിക്കറ്റ് കീപ്പര്‍ ഹംസ സഹൂറിന് ക്യാച്ച് നല്‍കി. പിന്നാലെ ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ആയുഷ് മാത്രെ. നേരിട്ട രണ്ടാം പന്തില്‍ തന്നെ മാത്രെ (0) മടങ്ങി. ഇത്തവണയും വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്.
ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ മലയാളി താരം ആരോണ്‍ കൂടി മടങ്ങിയതോടെ മൂന്നിന് 47 എന്ന നിലയിലായി ഇന്ത്യ. സുബ്ഹാന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ആരോണ്‍ മടങ്ങുന്നത്. പിന്നീട് വേദാന്ത് ത്രിവേദിയും വിഹാന്‍ മല്‍ഹോത്രയും ചേര്‍ന്ന് 62 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ 100 കടത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ 24-ാം ഓവറില്‍ വിഹാൻ മല്‍ഹോത്രയെ പുറത്താക്കി അഹമ്മദ് ഹുസൈന്‍ പാകിസ്ഥാന്‍റെ ആക്രമണം കനപ്പിച്ചു. 16 റണ്‍സെടുത്ത അഭിഗ്യാന്‍ കുണ്ടുവിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. നോ ബോളില്‍ പുറത്തായി ലൈഫ് ലഭിച്ചിട്ടും കൂറ്റൻ ഷോട്ടിന് ശ്രമിച്ച് കുണ്ടു ക്യാച്ച് നല്‍കി മടങ്ങി.
നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഉദ്ധവ് മോഹന് പകരം ദീപേക് ദേവേന്ദ്രന്‍ ടീമില്‍ തിരിച്ചെത്തി. മലയാളി സ്പിന്നര്‍ മുഹമ്മദ് ഇനാന് ഇന്നും ടീമിലിടം നേടാന്‍ സാധിച്ചില്ല. ടോസ് നേടിയാല്‍ ബാറ്റിംഗ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
പാകിസ്ഥാന്‍: ഹംസ സഹൂര്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ മിന്‍ഹാസ്, ഉസ്മാന്‍ ഖാന്‍, അഹമ്മദ് ഹുസൈന്‍, ഫര്‍ഹാന്‍ യൂസഫ് (ക്യാപ്റ്റന്‍), ഹുസൈഫ അഹ്സന്‍, അലി ഹസ്സന്‍ ബലോച്ച്, അബ്ദുള്‍ സുബ്ഹാന്‍, മോമിന്‍ ഖമര്‍, മുഹമ്മദ് സയാം, അലി റാസ.
ഇന്ത്യ: ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര, അഭിജ്ഞാന്‍ കുന്ദു (വിക്കറ്റ് കീപ്പര്‍), വേദാന്ത് ത്രിവേദി, ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.
സൂപ്പര്‍ സിക്സ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആരൊക്കെ സെമി ഫൈനലിലെത്താന്‍ പാകിസ്ഥാന് ഇന്ത്യയെ വന്‍ മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കണം. ഇംഗ്ലണ്ട് നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ കടുത്ത പോരാട്ടമാണ് സെമി ഫൈനല്‍ സ്ഥാനത്തിനായി നടത്തുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, സിംബാബ്വെ എന്നിവര്‍ നേരത്തെ പുറത്തായിരുന്നു. നെറ്റ് റണ്‍റേറ്റ് ഇന്ത്യക്ക് അനുകൂലമാണ്. +3.337 നെറ്റ് റണ്‍റേറ്റുണ്ട് ഇന്ത്യക്ക്. മൂന്നില്‍ രണ്ട് മത്സരം ജയിച്ച പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റുള്ള അവര്‍ക്ക് +1.484 നെറ്റ് റണ്‍റേറ്റാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിര്‍ണായകമാകും.
