യുവതാരം ദക്ഷിണാഫ്രിക്കന്‍ ടീം വിട്ടു; ഇനി കളിക്കുക അമേരിക്കയില്‍

By Web TeamFirst Published Mar 28, 2020, 3:26 PM IST
Highlights

സമീപഭാവിയില്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അതിനാലാണ് ഇത്തരമൊരു ഓഫര്‍ സ്വീകരിച്ചതെന്നും പീഡിറ്റ് പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഉടനെയൊന്നും മത്സരങ്ങളില്ല. അവിടെ മാത്രമാണ് രണ്ടാം സ്പിന്നറായി എനിക്ക് ടീമില്‍ ഇടം നേടാനുള്ള സാധ്യതകളുള്ളത്. 

ജൊഹാനസ്ബര്‍ഗ്: യുവ ഓഫ് സ്പിന്നര്‍ ഡെയ്ന്‍ പീഡിറ്റ്(30) ദക്ഷിണാഫ്രിക്കന്‍ ടീം വിട്ട് അമേരിക്കയിലേക്ക് കുടിയേറാന്‍ താരുമാനിച്ചു. അമേരിക്കയിലെ ആഭ്യന്തര ടി20 ലീഗുകളില്‍ സജീവമാകാനാണ് യുവതാരത്തിന്റെ തീരുമാനം. ഭാവിയില്‍ അമേരിക്കയ്ക്ക് ഏകദിന ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുകയെന്നതും താരത്തിന്റെ ലക്ഷ്യമാണ്. 

ദക്ഷിണാഫ്രിക്കക്കായി ഒമ്പത് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഓഫ് സ്പിന്നറാണ് പീഡിറ്റ്. കഴിഞ്ഞ വര്‍ഷമാണ് അമേരിക്കക്ക് ഐസിസി ഏകദിന പദവി നല്‍കിയത്. അതുകൊണ്ടുതന്നെ അമേരിക്ക ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യം അപ്രസക്തമാണെന്ന് പീഡിറ്റ് ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. ഇന്ന് രാവിലെയാണ് കരാറില്‍ ഒപ്പിട്ടതെന്നും അമേരിക്കയിലേക്ക് എപ്പോള്‍ പോകാനാകുമെന്ന് പറയാനാവില്ലെന്നും പീഡിറ്റ് വ്യക്തമാക്കി. 

ഇതൊരു അവസരമാണ്. സാമ്പത്തികമായും ജീവിത ശൈലിയിലും മാറ്റമുണ്ടാകുന്ന കാര്യമാണ്. തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെങ്കിലും ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോള്‍ അത് ഒഴിവാക്കാന്‍ തോന്നിയില്ല-പീഡിറ്റ് പറഞ്ഞു. സ്പിന്നര്‍മാരായ കേശവ് മഹാരാജും ടബ്രൈസ് ഷംസിയും ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെയാണ് പീഡിറ്റിന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം നഷ്ടമായത്. 

സമീപഭാവിയില്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അതിനാലാണ് ഇത്തരമൊരു ഓഫര്‍ സ്വീകരിച്ചതെന്നും പീഡിറ്റ് പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഉടനെയൊന്നും മത്സരങ്ങളില്ല. അവിടെ മാത്രമാണ് രണ്ടാം സ്പിന്നറായി എനിക്ക് ടീമില്‍ ഇടം നേടാനുള്ള സാധ്യതകളുള്ളത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ  റസ്റ്റി തെറോണാണ് ഇത്തരമൊരു കരാറിലേര്‍പ്പെടാന്‍ തന്നെ സഹായിച്ചതെന്നും അമേരിക്കയില്‍ എവിടെയാണ് താസമിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും പീഡിറ്റ് പറഞ്ഞു. 

ദക്ഷിണാഫ്രിക്കക്കായി 2014ല്‍ അരങ്ങേറിയ പീഡിറ്റ് ഒമ്പത് ടെസ്റ്റുകളില്‍ നിന്നായി 26 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 153 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

click me!