ധോണി, ഹാര്‍ദിക് എന്നിവരെ പോലെ ഒരാള്‍ വേണം; ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പോണ്ടിംഗിന്റെ നിര്‍ദേശം

By Web TeamFirst Published May 29, 2021, 4:30 PM IST
Highlights

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ പോലെ കളിക്കാന്‍ കെല്‍പ്പുള്ള ഒരു താരം ഓസ്‌ട്രേലിയന്‍ ടീമില്‍ വേണമെന്നാണ് പോണ്ടിംഗിന്റെ പക്ഷം.

സിഡ്‌നി: ടി20 ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഒരു ഫിനിഷറുടെ അഭാവമുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, മുംബൈ ഇന്ത്യന്‍സ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ചെയ്യുന്നത് പോലെ കളിക്കാന്‍ കെല്‍പ്പുള്ള ഒരു താരം ഓസ്‌ട്രേലിയന്‍ ടീമില്‍ വേണമെന്നാണ് പോണ്ടിംഗിന്റെ പക്ഷം. 

ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച താരങ്ങളുണ്ടെങ്കിലും അവരൊന്നും ഫിനിഷറുടെ റോളില്‍ കളിക്കുന്നവരെല്ലാണ് ഡല്‍ഹി കാപിറ്റല്‍സ് കോച്ച് കൂടിയായ പോണ്ടിംഗ് പറയുന്നത്. ''ഫിനിഷിംഗ് റോളാണ് ഓസ്‌ട്രേലിയയെ വിഷമത്തിലാക്കുക. പ്രത്യേക പൊസിഷനാണത്. അവസാന നാല് ഓവറില്‍ മൂന്ന് ഓവറും നേരിട്ട് 50 റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരമായിരിക്കണമത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി അത്തരത്തിലുള്ളൊരു താരമായിരുന്നു. കരിയറിലൂടനീളം ധോണി റോള്‍ ഭംഗിയായി ചെയ്തിട്ടുണ്ട്. ഹാര്‍ദിക്, പൊള്ളാര്‍ഡ് എന്നിവരും ഇത്തരത്തിലുള്ള താരങ്ങളാണ്. ഐപിഎല്ലിലും രാജ്യത്തിന് വേണ്ടിയും അത്തരം പ്രകടനങ്ങള്‍ അവര്‍ ആവര്‍ത്തുച്ചുകൊണ്ടേയിരിക്കുന്നു.'' പോണ്ടിംഗ് പറഞ്ഞു. 

ഓസ്‌ട്രേലിയക്ക് മികച്ചൊരു ഫിനിഷറില്ലാത്തതിന്റെ കാരണവും പോണ്ടിംഗ് വിശദീകരിക്കുന്നുണ്ട്. ''ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച താരങ്ങളുണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ അവരെല്ലാം ബിഗ് ബാഷ് വരുമ്പോള്‍ ടോപ് ഓര്‍ഡറിലാണ് കളിക്കുന്നത്. മികച്ച ഫിനിഷര്‍മാരില്ലാത്തതിന്റെ കാരണവും അതുതന്നെ. ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവര്‍ക്കെല്ലാം മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആര് ചെയ്യുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ വേണം.'' പോണ്ടിംഗ് പറഞ്ഞുനിര്‍ത്തി. 

നേരത്തെ ഇതേ പൊസിഷനില്‍ മാത്യൂ വെയ്ഡ്, ജോഷ് ഫിലിപ്പ്, അലക്‌സ് ക്യാരി എന്നിവരെ പരീക്ഷിച്ചിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ ഇവര്‍ക്കാര്‍ക്കും വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അടുത്ത കാലത്ത് ഓസ്‌ട്രേലിയയുടെ ടി20 കോച്ചിംഗ് സംഘത്തില്‍ അംഗമായിരുന്നു പോണ്ടിംഗ്. 2019 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു.

click me!