താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധം; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പിൻമാറി ഓസീസ്

By Web TeamFirst Published Jan 12, 2023, 12:09 PM IST
Highlights

താലിബാന് കീഴില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമില്ല, വനിതാ ക്രിക്കറ്റ് ടീമില്ല; പുരുഷ പരമ്പരയില്‍ നിന്ന് ഓസീസ് പിന്‍മാറി 

സിഡ്‌നി: താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം സ്‌ത്രീകളുടെ സ്വാതന്ത്ര്യം വിലക്കുന്ന പശ്ചാത്തലത്തില്‍ അഫ്‌ഗാനിസ്ഥാനെതിരായ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന പരമ്പര ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്‌ഗാന്‍ വനിതാ ക്രിക്കറ്റ് ടീം നിര്‍ജീവമായതും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിന് പിന്നിലുണ്ട്. പെൺകുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർത്താകുറിപ്പില്‍ പറയുന്നു. 

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് ശേഷം മാര്‍ച്ച് മാസത്തില്‍ യുഎഇയിലാണ് അഫ്‌ഗാനിസ്ഥാനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കാന്‍ കങ്കാരുക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. അഫ്‌ഗാനിസ്ഥാനിലടക്കം ലോകമെമ്പാടും പുരുഷന്‍മാരുടെയും വനിതകളുടേയും ക്രിക്കറ്റ് വളര്‍ത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സാഹചര്യം മെച്ചപ്പെടുന്നതിനായി അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ തുടരും എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 

2021 സെപ്റ്റംബറില്‍ അഫ്‌ഗാനിസ്ഥാന്‍റെ ഭരണം കയ്യടക്കിയ താലിബാന്‍ വനിതകള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ട്. സജീവമായ വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഏക ടെസ്റ്റ് രാജ്യമായി അഫ്‌ഗാനിസ്ഥാന്‍ ഇതോടെ മാറിയിരുന്നു. അഫ്‌ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റ് വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങളിലാണ് ഐസിസി. അഫ്‌ഗാനില്‍ വനിതാ ടീമില്ലാത്തത് ഐസിസി ടൂര്‍ണമെന്‍റുകളെ വരെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താനായി നടക്കുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം വേണമെങ്കിലും വനിതാ ക്രിക്കറ്റ് ടീം ആവശ്യമാണ്. 

ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. ആദ്യ ടെസ്റ്റ് നാഗ്‌‌പൂരിലും രണ്ടാമത്തേത് ദില്ലിയിലും മൂന്നാമത്തെത് ധരംശാലയിലും നാലാമത്തേത് അഹമ്മദാബാദിലും നടക്കും. മുംബൈ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് ഏകദിനങ്ങള്‍. ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

സച്ചിനോ കോലിയോ കേമന്‍; തന്‍റെ മറുപടിയുമായി സൗരവ് ഗാംഗുലി

 

click me!