സച്ചിനോ കോലിയോ കേമന്‍ എന്ന ചോദ്യത്തിന് ഒരാളുടെ പേര് മറുപടിയായി സൗരവ് ഗാംഗുലി പറഞ്ഞില്ലെങ്കിലും അദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്

കൊല്‍ക്കത്ത: സച്ചിന്‍ ടെന്‍ഡുല്‍ക്കറോ വിരാട് കോലിയോ ഏറ്റവും മികച്ച ബാറ്റര്‍. ഇരുവരും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ രണ്ട് പേര്‍ ആരെന്നതില്‍ സംശയമേതുമില്ലെങ്കിലും ഇവരിലെ മികച്ചത് ആരെന്ന ചര്‍ച്ച നാളുകളായി സജീവമാണ്. കോലി ഏകദിന കരിയറിലെ 45-ാം സെഞ്ചുറി അടുത്തിടെ നേടിയതോടെ ഈ ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്. ഇതിനോട് തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ബിസിസിഐ മുന്‍ തലവന്‍ സൗരവ് ഗാംഗുലി. 

സച്ചിനോ കോലിയോ കേമന്‍ എന്ന ചോദ്യത്തിന് ഒരാളുടെ പേര് മറുപടിയായി സൗരവ് ഗാംഗുലി പറഞ്ഞില്ലെങ്കിലും അദേഹത്തിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്. 'ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യമാണിത്. കോലി ഗംഭീര താരമാണ്. 45 സെഞ്ചുറികള്‍ വെറുതെയങ്ങ് സംഭവിക്കില്ല. കോലിയൊരു പ്രത്യേക പ്രതിഭയാണ്. കോലി റണ്‍സ് കണ്ടെത്താത്ത കാലങ്ങളുണ്ടായിരിക്കാം. എന്നാല്‍ അദേഹമൊരു സ്‌‌പെഷ്യല്‍ താരമാണ്' എന്നുമാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ദാദയുടെ വാക്കുകള്‍. 

ഗുവാഹത്തിയില്‍ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ കോലി 87 പന്തില്‍ 113 റണ്‍സ് നേടിയിരുന്നു. കോലിയുടെ തുടര്‍ച്ചയായ രണ്ടാം ശതമാണിത്. 2022 കോലി അവസാനിപ്പിച്ചത് ബംഗ്ലാദേശില്‍ സെഞ്ചുറിയോടെയായിരുന്നു. രാജ്യാന്തര കരിയറില്‍ എല്ലാ ഫോര്‍മാറ്റിലുമായി കോലിക്ക് 73 സെഞ്ചുറികളാണുള്ളത്. 100 ശതകങ്ങളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് കിംഗിന് മുന്നിലുള്ളത്. 

ടെസ്റ്റിലും ഏകദിനത്തിലും എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനാണ് സച്ചിന്‍. 200 ടെസ്റ്റില്‍ 15921 ഉം 463 ഏകദിനങ്ങളില്‍ 18426 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം. സച്ചിന്‍ ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 ഉം സെഞ്ചുറികള്‍ നേടി. അതേസമയം വിരാട് കോലിക്ക് 104 ടെസ്റ്റില്‍ 27 സെഞ്ചുറികളോടെ 8119 റണ്‍സും 266 ഏകദിനങ്ങളില്‍ 45 ശതകങ്ങളോടെ 12584 റണ്‍സുമാണ് സമ്പാദ്യം. 

ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ന് പെലെ സമുദ്രമാകും; ആദരവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍