രഞ്ജി ട്രോഫി: സര്‍വീസസിനെ എറിഞ്ഞിട്ട് കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

By Web TeamFirst Published Jan 12, 2023, 11:24 AM IST
Highlights

കേരളത്തിനായി ജലജ് സക്സേനയും സിജോമോന്‍ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വൈശാഖ് ചന്ദ്രനും എം ഡി നിഥീഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരെ കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 327 റണ്‍സിന് മറുപടിയായി സര്‍വീസസ് മൂന്നാം ദിനം ആദ്യ സെഷനില്‍ 229 റണ്‍സിന് പുറത്തായി. 98 റണ്‍സിന്‍റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ കേരളത്തിന് രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ജയത്തിലേക്ക് പന്തെറിയാം.

തുമ്പ സെന്‍റ് സേവ്യര്‍സ് ഗ്രൗണ്ടില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ് സര്‍വീസസ് മൂന്നാം ദിനം ക്രീസിലിറങ്ങിയത്. മൂന്നാം ദിനം തുടക്കത്തിലെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച എം എസ് രാത്തിയെ(20) പുറത്താക്കി എം ഡി നിഥീഷ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീടെത്തിയ ദ്വിവേഷ് ഗുരുദേവ് പത്താനിയക്കും(8) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ജലജ് സക്സേനയാണ് പത്താനിയയെ മടക്കിയത്. വാലറ്റക്കാര്‍ക്കൊപ്പം സ്കോറുയര്‍ത്താന്‍ ശ്രമിച്ച പുല്‍കിത് നാരങിനെ(36) ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് തന്നെ പുറത്താക്കിയതോടെ കേരളം ലീഡുറപ്പിച്ചു.

400 അടിക്കാമായിരുന്നു, പുറത്തായത് തെറ്റായ തിരുമാനത്തില്‍; തുറന്നു പറഞ്ഞ് പൃഥ്വി ഷാ

തൊട്ടുപിന്നാലെ പിഎസ് പൂനിയയെ(11) കൂടി മടക്കി സിജോമോന്‍ സര്‍വീസസിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. കേരളത്തിനായി ജലജ് സക്സേനയും സിജോമോന്‍ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വൈശാഖ് ചന്ദ്രനും എം ഡി നിഥീഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അര്‍ധ സെഞ്ചുറി നേടിയ രവി ചൗഹാന്‍(50), പുല്‍കിത് നാരങ്(36), ശുഭം രോഹില്ല( 31), സുഫിയാന്‍ ആലം(18), ഗാലൗത് രാഹുല്‍ സിംഗ്(19), എന്നിവരാണ് സര്‍വീസസിന്‍റെ പ്രധാന സ്കോറര്‍മാര്‍. രഞ്ജി ട്രോഫി ഗ്രൂപ്പ് സിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് സര്‍വീസസിനെിതരെ വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ഗോവയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് കേരളത്തിന് തിരിച്ചടിയായത്. കര്‍ണാടകയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ ഒന്നാമത്.

click me!