
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിംഗ്‌സില്‍ അഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചുകൂട്ടിയത്. വിദര്‍ഭയെ നയിക്കുന്ന കരുണ്‍ ഇന്നലെ മഹാരാഷ്ട്രക്കെതിരായ സെമിയില്‍ നാലാമനായി ക്രീസിലിറങ്ങി 44 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇന്ത്യക്കായി 2016ല്‍ ടെസ്റ്റില്‍ അരങ്ങേറിയ കരുണ്‍ തന്റെ മൂന്നാം ടെസ്റ്റില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി അടിച്ച് റെക്കോര്‍ഡിട്ടെങ്കിലും പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. അദ്ദേഹത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നുവരുണ്ട്.
ഇപ്പോള്‍ മലയാളി താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടെന്‍ഡുല്‍ക്കര്‍ കുറിച്ചിട്ടതിങ്ങനെ... ''ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച് സെഞ്ചുറികളോടെ 752 റണ്‍സ് നേടുകയെന്നത് അസാധാരണം എന്നല്ലാതെ പറയാതെ വയ്യ. ഇത്തരം പ്രകടനങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. കഠിനാധ്വാനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും ഉണ്ടാവുന്നതാണ്. കരുത്തനായി മുന്നോട്ട് പോവൂ, ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കൂ.'' സച്ചിന്‍ വ്യക്തമാക്കി.
കരുണ്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിജയ് ഹസാരെയിലെ അവിശ്വസനീയ പ്രകടനങ്ങള്‍ കണക്കിലെടുത്താല്‍ കരുണ്‍ നായരെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെടുക്കേണ്ടതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറഞ്ഞു. വിജയ് ഹസാരെയില്‍ അവന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ അവന്‍ സ്ഥാനം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവന്‍ ടീമിലെത്താനുള്ള സാധ്യത വളരെ കുറവാണ്.
കാരണം, ഇന്ത്യയുടെ ഏകദിന ടീം ഏകദേശം സെറ്റാണ്. കരുണ്‍ നായര്‍ മാത്രമല്ല വിജയ് ഹസാരെയില്‍ മിന്നും പ്രകടനം നടത്തിയ മായങ്ക് അഗര്‍വാളിനും സാധ്യതകളുണ്ട്. പക്ഷെ ഇന്ത്യയുടെ ഏകദിന ടീം ഏകദേശം സെറ്റായതിനാല്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെപോലെ മികച്ച പ്രകടനം തുടര്‍ന്നാല്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ കളിക്കുന്ന കരുണ്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ദിനേശ് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!