ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പണം സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ കായിക താരം കോലിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
ദില്ലി: മൈതാനത്ത് മാത്രമല്ല, കളത്തിന് പുറത്തും വലിയ ആരാധകവലയമുള്ള താരമാണ് ഇന്ത്യന്‍ മുന്‍ നായകന് വിരാട് കോലി. ലോകത്തെ പ്രധാന സാമൂഹ്യമാധ്യമങ്ങളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ഫോളോവേഴ്സുള്ള നാല് കായികതാരങ്ങളില്‍ ഒരാളാണ് കിംഗ് കോലി. ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ഇന്ത്യക്കാരനും കോലിതന്നെ. ഇന്‍സ്റ്റഗ്രാമിലും ഇന്ത്യന്‍ കിംഗായ കോലി ഇന്‍സ്റ്റയിലെ ഓരോ പോസ്റ്റിനും വാങ്ങുന്ന തുക കേട്ടാല്‍ നിങ്ങള്‍ കണ്ണുതള്ളും.
ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും വിരാട് കോലി 8 കോടി രൂപ വീതം ഈടാക്കുന്നു എന്നാണ് ഹോപ്പര്‍ എച്ച്ക്യൂ സോഷ്യല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ പണം സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ കായിക താരം കോലിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നാലാമത്തെ കായികതാരവും ഇന്ത്യന്‍ റണ്‍മെഷീന്‍ തന്നെ. ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, നെയ്മര്‍ എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. 200,703,169 കോടി ഫോളോവേഴ്സാണ് വിരാട് കോലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഓരോ പോസ്റ്റിനും 3.5 കോടി രൂപ വാങ്ങുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 77,985,157 ഫോളോവേഴ്സാണ് പ്രിയങ്കയ്ക്കുള്ളത്.
റൊണാള്‍ഡോയ്ക്ക് എത്ര ഫോളോവേഴ്സ്
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റുന്നവരില്‍ ലോകത്ത് 14-ാം സ്ഥാനത്തുള്ള സെലിബ്രിറ്റിയാണ് കോലി. ആദ്യ പതിനഞ്ചിലുള്ള ഏക ഇന്ത്യക്കാരനും കോലിയാണ്. ആഗോള പട്ടികയില്‍ 27-ാം സ്ഥാനമാണ് പ്രിയങ്ക ചോപ്രയ്ക്കുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളത്. 48.4 കോടിയാളുകളാണ് റോണോയെ പിന്തുടരുന്നത്.