ബിസിസിഐ സമ്മര്‍ദ്ദം ഫലിച്ചു, ഒടുവില്‍ യു ടേണടിച്ച് ദക്ഷിണാഫ്രിക്ക, താരങ്ങള്‍ക്ക് ഐപിഎല്ലില്‍ തുടരാം

Published : May 15, 2025, 12:07 PM IST
ബിസിസിഐ സമ്മര്‍ദ്ദം ഫലിച്ചു, ഒടുവില്‍ യു ടേണടിച്ച് ദക്ഷിണാഫ്രിക്ക, താരങ്ങള്‍ക്ക് ഐപിഎല്ലില്‍ തുടരാം

Synopsis

ഇതോടെ ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡ, ഏയ്ഡന്‍ മാര്‍ക്രം, ലുംഗി എംഗിഡി, മാര്‍ക്കോ യാന്‍സൻ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവര്‍ക്ക് ടൂര്‍ണമെന്‍റില്‍ തുടര്‍ന്നും കളിക്കാനാവും.

മുംബൈ: ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തിലെടുത്ത നിലപാടില്‍ മലക്കം മറിഞ്ഞ് ക്രിക്കറ്റ് സൗത്താഫ്രിക്ക. ഐപിഎല്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിനുള്ള ടീമിലെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ 26ന് മുമ്പ് നാട്ടില്‍ തിരിച്ചെത്തണമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിസിസിഐ അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിലപാട് മാറ്റിയ ക്രിക്കറ്റ് സൗത്താഫ്രിക്ക ഐപിഎല്‍ ഫൈനല്‍ നടക്കുന്ന ജൂണ്‍ മൂന്നിന് തിരിച്ചെത്തിയാല്‍ മതിയെന്നാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പരിശീലന ക്യാംപ് ജൂണ്‍ മൂന്നിന് തുടങ്ങുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ എനോക് ക്വവെ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു. ഇതോടെ ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡ, ഏയ്ഡന്‍ മാര്‍ക്രം, ലുംഗി എംഗിഡി, മാര്‍ക്കോ യാന്‍സൻ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവര്‍ക്ക് ടൂര്‍ണമെന്‍റില്‍ തുടര്‍ന്നും കളിക്കാനാവും.ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനല്‍.

ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കോര്‍ബിന്‍ ബോഷ്(മുംബൈ ഇന്ത്യൻസ്), വിയാന്‍ മുള്‍ഡര്‍(സണ്‍റൈസേഴ്സ് ഹൈദരാബാദ്), മാര്‍ക്കോ യാന്‍സന്‍(പഞ്ചാബ് കിംഗ്സ്), ഏയ്ഡന്‍ മാര്‍ക്രം(ഹൈദരാബാദ്), ലുങ്കി എന്‍ഗിഡി(റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു), കാഗിസോ റബാഡ(ഗുജറാത്ത് ടൈറ്റന്‍സ്),റിയാന്‍ റിക്കിള്‍ടണ്‍(മുംബൈ ഇന്ത്യൻസ്), ട്രിസ്റ്റന്‍ സ്റ്റബ്സ് (ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലുൾപ്പെട്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങൾ

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ കളിക്കാത്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡെവാള്‍ഡ് ബ്രെവിസ്(ചെന്നൈ), ഫാഫ് ഡൂപ്ലെസി, ഡൊണോവന്‍ ഫെരേര(ഡല്‍ഹി ക്യാപിറ്റൽസ്), ജെറാള്‍ഡ് കോട്സി(ഗുജറാത്ത് ടൈറ്റന്‍സ്), ക്വിന്‍റണ്‍ ഡി കോക്ക്, ആന്‍റിച്ച് നോര്‍ക്യ(കൊല്‍ക്കത്ത), ഡേവിഡ് മില്ലര്‍(ലക്നൗ), നാന്ദ്രെ ബര്‍ഗര്‍(രാജസ്ഥാന്‍ റോയല്‍സ്), ഹെന്‍റിച്ച് ക്ലാസന്‍(ഹൈദരാബാദ്) എന്നിവര്‍ക്ക് ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കാം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ കളിക്കുന്ന താരങ്ങളോട് മെയ് 31ന് ഇംഗ്ലണ്ടിലെ അരുണ്‍ഡേലിലെത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് ക്രിക്കറ്റ് സൗത്താഫ്രിക്ക ആവശ്യപ്പെട്ടിരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുമ്പ് ജൂൺ മൂന്ന് മുതല്‍ ആറ് വരെ സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കക്കെതിരെ പരിശീലന മത്സരം നടത്താനിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ഇത് റദ്ദാക്കാനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്