
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചഹല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബി ജെ പി) ചേര്‍ന്നു. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ചഹലിനെ ബി ജെ പിയുടെ ഒ ബി സി മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി. ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനിന്റെ ആശീര്‍വാദത്തോടെ ഒ ബി സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹി പ്രതിനിധിയായാണ് ഒ ബി സി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചഹല്‍ പങ്കെടുക്കുക.
ബി ജെ പി കുടുംബത്തില്‍ സ്ഥാനം നല്‍കിയതിന് ചഹല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, ഒ ബി സി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യ എന്നിവരോട് നന്ദി അറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.
ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ചഹല്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ സജീവമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുകയാണ് ഇപ്പോള്‍. ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ചഹല്‍. നിലവില്‍ പഞ്ചാബ് കിംഗ്സിന്റെ താരമാണ്. 2023 ഓഗസ്റ്റിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. ഏകദിന-ടി20 ടീമുകളിലേക്കുള്ള തിരിച്ചുവരവിനുള്ള പരിശ്രമത്തിലാണ് താരം. അതിനിടെയാണ് ബി ജെ പിയില്‍ ചേര്‍ന്നു കൊണ്ട് രാഷ്ട്രീയത്തിന്റെ ക്രീസിലേക്കും ചഹല്‍ പന്തെറിയാന്‍ തയ്യാറെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!