സാൻഡ്‌പേപ്പർഗേറ്റ് വിവാദം വീണ്ടും ഉയർന്നതിന് പിന്നാലെ ഉസ്മാൻ ഖവാജയെയും ഡേവിഡ് വാർണറെയും ഫോക്‌സ് ക്രിക്കറ്റ് കമന്ററിയിൽ നിന്ന് മാറ്റിനിർത്തി. ഖവാജയുടെ ആത്മകഥയിലെ പരാമർശങ്ങളാണ് വിവാദം വീണ്ടും ആളിക്കത്തിച്ചത്.

സിഡ്‌നി: സാന്‍ഡ്പേപ്പര്‍ഗേറ്റ് വിവാദം വീണ്ടും ഉയര്‍ന്നതിന് പിന്നാലെ മുന്‍ താരങ്ങളായ ഉസ്മാന്‍ ഖവാജയ്ക്കും ഡേവിഡ് വാര്‍ണര്‍ക്കും തിരിച്ചടി. വിവാദം കെട്ടടങ്ങുന്നതുവരെ ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണിംഗ് സഖ്യത്തെ ഫോക്‌സ് ക്രിക്കറ്റ് കമന്ററി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി. സാന്‍ഡ്പേപ്പര്‍ഗേറ്റ് വിവാദം ഉടന്‍ അവസാനിക്കുമെന്ന സൂചനകളൊന്നും കാണാത്ത സാഹചര്യത്തിലാണ് ഇരു കമന്റേറ്റര്‍മാരെയും മാറ്റിനിര്‍ത്താന്‍ ഫോക്‌സ് സ്‌പോര്‍ട്‌സ് തീരുമാനിച്ചത്.

തുടരുന്ന വിവാദങ്ങള്‍ക്കിടയില്‍ ഇരുവര്‍ക്കും അതുതന്നെയാണ് ഉചിതമെന്നാണ് ചാനല്‍ അധികൃതരുടെ വിലയിരുത്തല്‍. ''നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, അടുത്ത കുറച്ചാഴ്ചത്തേക്ക് ഇരുവരേയും ഞങ്ങളുടെ സംപ്രേക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. വിഷയം ഇപ്പോഴും ചര്‍ച്ചയായി തുടരുന്നതിനിടെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയ കാര്യമായി മാറുകയാണ്. ഇരു കമന്റേറ്റര്‍മാരെയും അത്തരമൊരു സാഹചര്യത്തില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്.'' ഫോക്‌സ് സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവ് ക്രോളി കോഡ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വീണ്ടും കത്തിപ്പടര്‍ന്ന സാന്‍ഡ്പേപ്പര്‍ഗേറ്റ് വിവാദം

പന്ത് ചുരണ്ടല്‍ പദ്ധതിയെക്കുറിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കപ്പുറം മറ്റുള്ളവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് ഉസ്മാന്‍ ഖവാജയുടെ ആത്മകഥയായ 'സബര്‍'ല്‍ അവകാശപ്പെട്ടതോടെയാണ് സാന്‍ഡ്പേപ്പര്‍ഗേറ്റ് ചര്‍ച്ച വീണ്ടും സജീവമായത്. സാന്‍ഡ്പേപ്പര്‍ നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന വാദങ്ങളെ പാറ്റ് കമ്മിന്‍സ് തള്ളിയിരുന്നു. ഇത് 'തികഞ്ഞ വിഡ്ഢിത്തമാണെന്നാണ്' കമ്മിന്‍സ് വിശേഷിപ്പിച്ചത്.

ഇതിനു പിന്നാലെ വിവാദത്തിന് കൂടുതല്‍ എരിവ് പകര്‍ന്ന് ബാന്‍ക്രോഫ്റ്റും രംഗത്തെത്തി. സംഭവത്തെക്കുറിച്ച് ടീമിലെ കൂടുതല്‍ പേര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും, കമ്മിന്‍സ് ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ പന്തിന്റെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നുമാണ് ബാന്‍ക്രോഫ്റ്റ് ആരോപിച്ചത്. നിശബ്ദത വെടിയാന്‍ തന്നെ പ്രേരിപ്പിച്ചത് കമ്മിന്‍സിന്റെ വാര്‍ത്താസമ്മേളനമാണെന്നും അദ്ദേഹം പറഞ്ഞു.

YouTube video player